ഭോപ്പാല്‍: മലിനജലം കുടിച്ച് ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ 18 പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ദിഗ് വിജയ് സിങ്.
മധ്യപ്രദേശ് ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഇന്‍ഡോര്‍ സംസ്ഥാനത്തെ ഏറ്റവും വികസിത നഗരമാണ്, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരവും. എന്നാല്‍ അതേ നഗരത്തിലാണ് മലിന ജലം കുടിച്ച് 18 പേര്‍ മരിച്ചത്. മരണസംഖ്യ ഉയര്‍ന്നതോടെ എല്ലാവരും ഉത്തരവാദിത്വം ഓരോരുത്തരുടെ തലയില്‍ കെട്ടിവെക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഞാന്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നു,’ ദിഗ് വിജയ് പറഞ്ഞു.
‘നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ട് പൊലിഞ്ഞ് പോയ ജീവിതങ്ങള്‍ തിരിച്ച് കിട്ടില്ല. തെറ്റുകള്‍ മറച്ച് വെയ്ക്കുന്നതിന് പകരം ഉത്തരവാദിത്തം ഏറ്റെടുത്ത് കുറ്റവാളികളെ ശിക്ഷിക്കുകായണ് വേണ്ടത്,’ കോണ്‍ഗ്രസ് എം.പി പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഉമങ് സിങ് ചൊവ്വാഴ്ച്ച ബഗീരഥ്പുരയിലെ ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. ശേഷം ഇന്‍ഡോറിലുടനീളം സമഗ്ര ജല ഓഡിറ്റ് നടത്തണമെന്നും താന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡോ.മോഹന്‍ യാദവിന് കത്തെഴുതിയിരുന്നു.
കൂടാതെ മദീന നഗര്‍, ഖജ്‌രാന, ഭൂരി ടെക്രി, കനാഡിയ, ബര്‍ഫാനി ധാം എന്നീ പ്രദേശങ്ങളില്‍ വാട്ടര്‍ ഓഡിറ്റ് നടത്തുകയും ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പല ഇടങ്ങളിലേയും വെള്ളത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും വൃത്തി ഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ വെള്ളം കുടിച്ച് ഛര്‍ദി, വയറിളക്കം, ഗുരുതരമായ വയറുവേദന തുടങ്ങിയവ അനുഭവിക്കുന്നതായി പ്രദേശവാസികള്‍ പരഞ്ഞതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്‍ഡോറിലെ 85 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 72ലും മലിനമായ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മുന്‍സിപ്പാലിറ്റി വിതരണം ചെയ്ത മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടര്‍ന്നായിരുന്നു നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നഗരസഭ വിതരണം ചെയ്ത വെള്ളത്തിന് രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. 18ഓളം പേര്‍ ഇതിനോടകം മരണമടഞ്ഞിട്ടുണ്ട്.
മധ്യപ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മധ്യപ്രദേശ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. ഇന്‍ഡോറിന് മാത്രമായി ദീര്‍ഘകാല ജല സുരക്ഷാ പദ്ധതിയും കോടതി നിര്‍ദേശിച്ചു.
വെള്ളത്തിന്റെ പ്രശ്നം ഇന്‍ഡോറിന്റെ മാത്രമല്ല മുഴുവന്‍ സംസ്ഥാനത്തിന്റെതുമാണെന്നും കോടതി പറഞ്ഞു. ഈ സംഭവം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പ്രതിഛായയെ സാരമായി ബാധിച്ചെന്നും വിഷജലം വിതരണം ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ചെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.