ഇറാന്‍ വിഷയത്തില്‍ നയതന്ത്ര നിലപാട് കടുപ്പിച്ച് ഇന്തോനേഷ്യ; ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് പിന്മാറി
World
ഇറാന്‍ വിഷയത്തില്‍ നയതന്ത്ര നിലപാട് കടുപ്പിച്ച് ഇന്തോനേഷ്യ; ബോര്‍ഡ് ഓഫ് പീസില്‍ നിന്ന് പിന്മാറി
നിഷാന. വി.വി
Saturday, 7th March 2026, 1:10 pm

ജാക്കാര്‍ത്ത: ഇറാനിലെ വ്യോമാക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ആരംഭിച്ച ഗസ ബോര്‍ഡ് ഓഫ് പീസില്‍ നിന്നുള്ള പങ്കാളിത്തം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇന്തോനേഷ്യ.

ഇറാനെതിരായ സൈനിക നീക്കം പശ്ചിമേഷ്യയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയ സാഹചര്യത്തില്‍ നിലവിലെ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന വിലയിരുത്തലിലാണ് പങ്കാളിത്തം നിര്‍ത്തിവെക്കാനുള്ള ഇന്തോനേഷ്യയുടെ തീരുമാനം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ബോര്‍ഡ് ഓഫ് പീസില്‍ തുടരുന്നത് ശരിയല്ലെന്ന് ‘ഇന്തോനേഷ്യന്‍ ഉലമ കൗണ്‍സില്‍’ ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഫലസ്തീന്റെ പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ ബോര്‍ഡ് ഓഫ് പീസ് പരാജയപ്പെട്ടാല്‍ സ്ഥിരമായി ഇതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രസിഡന്റ് പ്രബാവോ സുബിയാന്തോ സൂചിപ്പിച്ചു.
കൂടാതെ ഇറാനുമായുള്ള സംഘര്‍ഷം കുറയ്ക്കാന്‍ മധ്യസ്ഥത വഹിക്കാനും അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ട്രംപ് ബോര്‍ഡ് ഓഫ് പീസ് (ബി.ഓ.പി ) എന്ന അന്താരാഷ്ട്ര സംഘടന രൂപീകരിച്ചത്.

ഇസ്രഈല്‍- ഫലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനും ഗസയുടെ പുനര്‍നിര്‍മാണം നിരീക്ഷിക്കുകയും ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണമെങ്കിലും ഇതിന്റെ കരടില്‍ ഫലസ്തീനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല.

സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന ലോകസാമ്പത്തിക ഫോറത്തില്‍ വെച്ചായിരുന്നു ട്രംപ് ബി.ഒ.പി ഔദ്യോഗികമായി അവതരിപ്പിച്ചത്. യു.എന്‍ സംഘടനയെ അംഗീകരിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് സംഘടനയുടെ രൂപീകരണമെന്ന ആശങ്കയും ഇതിനിടെ ഉയര്‍ന്നിരുന്നു.

അതേസമയം, ട്രംപുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി അടുത്ത ബന്ധം സൂക്ഷിക്കുകയും ഇസ്രഈല്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ബോര്‍ഡ് ഓഫ് പീസില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായി.

ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ തുടങ്ങിയ പാശ്ചാത്യലോകത്തെ വന്‍ശക്തികളായ രാഷ്ട്രങ്ങള്‍ ബോര്‍ഡ് ഓഫ് പീസില്‍ പങ്കാളികളാകില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.

അറുപതോളം രാജ്യങ്ങളെ ബി.ഒ.പിയുടെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുപതോളം രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. ഇന്ത്യ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Content Highlight: Indonesia tightens diplomatic stance on Iran issue; withdraws from Board of Peace

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.