ഫലസ്തീന് ഗുണം ചെയ്തില്ലെങ്കിൽ ബോർഡ് ഓഫ് പീസിൽ ഭാഗമാവില്ല: ഇന്തോനേഷ്യ
World
ഫലസ്തീന് ഗുണം ചെയ്തില്ലെങ്കിൽ ബോർഡ് ഓഫ് പീസിൽ ഭാഗമാവില്ല: ഇന്തോനേഷ്യ
മുഹമ്മദ് നബീല്‍
Friday, 6th March 2026, 2:45 pm

ജകാർട്ട: ഫലസ്തീന് ഗുണം ചെയ്തില്ലെങ്കിൽ ബോർഡ് ഓഫ് പീസിൽ ഭാഗമാവില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ.

ഫലസ്തീന്റെയും ഇന്തോനേഷ്യയുടെയും താത്പര്യങ്ങൾക്ക് ഗുണകരമല്ലെന്ന് കണ്ടാൽ ബോർഡിൽ നിന്ന് പിന്മാറുമെന്ന് പ്രസ്താവനയിൽ പറയുന്നു.

പ്രാദേശിക ഇസ്‌ലാമിക ഗ്രൂപ്പുകൾക്ക് ബോർഡ് ഓഫ് പീസിൽ ഭാഗമാവില്ലെന്ന് ഉറപ്പുനൽകികൊണ്ടുള്ള സർക്കാർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗസ സ്റ്റെബിലൈസേഷൻ ഫോഴ്‌സിന് പണം നൽകി ബോർഡ് ഓഫ് പീസിൽ അംഗത്വം എടുത്തതിൽ പ്രാദേശിക മുസ്‌ലിം ഗ്രൂപ്പിൽ നിന്നും സർക്കാരിന് വിമർശനമേറ്റുവാങ്ങേണ്ടി വന്നിരുന്നു.

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തെ മുൻനിർത്തി, ബോർഡിൽ നിന്ന് ഇന്തോനേഷ്യ പിന്മാറണമെന്ന് പ്രമുഖ പണ്ഡിത സഭയായ ഇന്തോനേഷ്യൻ ഉലമ കൗൺസിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പശ്ചിമേഷ്യയിലെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനുവേണ്ടി ബോർഡ് ഓഫ് പീസിനെ ഇന്തോനേഷ്യൻ സർക്കാർ ഉപയോഗിക്കണമെന്നും രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടന നഹ്ദലതുൽ ഉലമ പറഞ്ഞു.

ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ ആക്രമണം സമാധാന ചർച്ചകളിലൂടെ ലഘൂകരിക്കുന്നതുവരെ ബോർഡിന്റെ അജണ്ടകൾ നിർത്തിവെച്ചതായി ഇൻഡോനേഷ്യ പ്രഖ്യാപിക്കുമെന്ന് പ്രബോവോയുടെ ഓഫീസ് വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

Content Highlight: Indonesia says will withdraw from Board of Peace if it does not benefit Palestinians

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം