കളി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീമാകെ ഭയന്നിരുന്നു; ടി 20 ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തെക്കുറിച്ച് ഇന്‍സമാം
Cricket
കളി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീമാകെ ഭയന്നിരുന്നു; ടി 20 ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തെക്കുറിച്ച് ഇന്‍സമാം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th November 2021, 4:58 pm

ഇസ്‌ലാമാബാദ്: ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ ടീം സമ്മര്‍ദത്തിലായി ഭയപ്പെട്ടിരുന്നുവെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്.

അപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ കണ്ടാല്‍ തന്നെ സമ്മര്‍ദത്തിലാണെന്ന കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഭയപ്പെട്ടിരുന്നുവെന്ന് എനിക്ക് തോന്നുന്നു. ടോസിംഗിനിടെയുള്ള വിരാട് കോഹ്‌ലിയുടെയും ബാബര്‍ അസമിന്റെയും അഭിമുഖം കണ്ടാല്‍ അത് ബോധ്യമാകും,’ ഇന്‍സമാം എ.ആര്‍.വൈ ന്യൂസിനോട് പറഞ്ഞു.

പാക് ടീമിന്റെ ശരീരഭാഷ ഇന്ത്യയേക്കാള്‍ മികച്ചതായിരുന്നു. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷമല്ല ഇന്ത്യ സമ്മര്‍ദത്തിലായത്. ശര്‍മ്മ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ സമ്മര്‍ദത്തിലായിരുന്നുവെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഒരു മികച്ച ടി 20 ടീമാണ്, അതില്‍ സംശയമില്ല. കഴിഞ്ഞ 2-3 വര്‍ഷത്തെ അവരുടെ പ്രകടനം നോക്കിയാല്‍ അത് ബോധ്യപ്പെടും. എന്നാല്‍ കഴിഞ്ഞ ഇന്ത്യ-പാക് മത്സരം തിരിഞ്ഞുനോക്കാന്‍ കഴിയാത്ത വിധം അവരുടെമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ഫോര്‍മാറ്റുകളിലുള്ള തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്ക് ശേഷമായിരുന്നു ടി 20 ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യ പരാജയപ്പെട്ടത്.

10 വിക്കറ്റിനായിരുന്നും ഇന്ത്യയുടെ തോല്‍വി. ടൂര്‍ണമെന്റില്‍ തുടക്കത്തിലെ ഞെട്ടലില്‍ നിന്ന് കരകയറാന്‍ പിന്നീട് ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല.

അടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 8 വിക്കറ്റിന് തോറ്റ് സൂപ്പര്‍ 12 ഘട്ടത്തില്‍ നിന്ന് തന്നെ ഇന്ത്യ പുറത്തായിരുന്നു.

അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്ലന്‍ഡ്, നമീബിയ എന്നിവയ്ക്കെതിരെയുള്ള അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ച് കരകയറിയെങ്കിലും സെമിഫൈനലിലേക്കെത്താന്‍ അത് മതിയായിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  ‘Indians were scared even before the match started’: Inzamam about India-Pakistan T20 WC match