| Saturday, 1st November 2025, 11:07 pm

കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ട കിരീടം തേടി ഇന്ത്യ; കന്നി കിരീടത്തിനായി ഹര്‍മാനും സംഘവും ഇറങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്ന ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ആ കാത്തിരിപ്പിന് വിരാമമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. നാളെ നവംബര്‍ രണ്ടിന് നവി മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്റ്റേഡിയം കലാശ പോരിന് അരങ്ങുണരുമ്പോള്‍ പുതിയ ഒരു ലോകചാമ്പ്യന്‍ പിറവികൊള്ളും.

കന്നി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്കാണോ സൗത്ത് ആഫ്രിക്കയ്ക്കണോ ഭാഗ്യമുണ്ടാവുക എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

സെമി ഫൈനലില്‍ തകര്‍പ്പന്‍ വിജയവുമായാണ് ഇരു ടീമുകളും അവസാന അങ്കത്തിന് എത്തുന്നത്. ഒന്നാം സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് കന്നി ഫൈനലിന് സൗത്ത് ആഫ്രിക്ക ടിക്കറ്റെടുത്തത്. മറുവശത്ത് കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇന്ത്യ കിരീടപോരിനിറങ്ങുന്നത്.

പ്രോട്ടിയാസ് വനിതകള്‍ ആദ്യ ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യക്കിത് മൂന്നാം കലാശപ്പോരാണ്. പക്ഷേ, കഴിഞ്ഞ രണ്ട് തവണയും കിരീടത്തിന് അരികില്‍ ഇന്ത്യന്‍ വനിതകള്‍ കാലിടറി വീഴുകയായിരുന്നു. ഇന്ത്യ ആദ്യമായി വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ എത്തിയത് 2005ലായിരുന്നു.

അന്ന് മിതാലി രാജിന്റെ കീഴില്‍ എത്തിയ ടീം പക്ഷേ ഫൈനലില്‍ ഓസ്ട്രേലിയയ്ക്ക് മുമ്പില്‍ വീണു. കലാശ പോരില്‍ 98 റണ്‍സിന്റെ വിജയം സ്വന്തമാക്കിയായിരുന്നു കങ്കാരുപ്പട കിരീടമുയര്‍ത്തിയത്. സൗത്ത് ആഫ്രിക്കയിലെ സെഞ്ചുറിയനില്‍ നടന്ന മത്സരത്തില്‍ കാരെന്‍ റോള്‍ട്ടണിന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ഓസീസ് ജേതാക്കളായത്.

പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ മറ്റൊരു ഏകദിന ലോകകപ്പ് ഫൈനലില്‍ മാറ്റുരച്ചത്. അന്ന് ഇംഗ്ലണ്ടായിരുന്നു ടീമിന്റെ എതിരാളികള്‍. എന്നാല്‍, അവര്‍ക്ക് മുമ്പിലും അടിയറവ് പറയാനായിരുന്നു മിതാലിയുടെ സംഘത്തിന്റെ വിധി. ഒമ്പത് റണ്‍സിന്റെ വിജയവുമായാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍ പട്ടം തങ്ങളുടെ ഷെല്‍ഫിലെത്തിച്ചത്.

ആ ഫൈനലിന് ശേഷം വീണ്ടും ഇപ്പോഴാണ് ഇന്ത്യ മറ്റൊരു കലാശപ്പോരിന് ഒരുങ്ങുന്നത്. ഇത്തവണ ക്യാപ്റ്റന്റെ കുപ്പായത്തില്‍ മിതാലിക്ക് പകരം ഹര്‍മന്‍ പ്രീതാണ് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ രണ്ട് തവണ കൈവിട്ട കിരീടം സ്വന്തം നാട്ടില്‍ തന്നെ നേടിയെടുക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.

മുന്‍ കാലങ്ങളിലെ കണ്ണീരോര്‍മക്ക് ഒരു സ്വപ്നതുല്യ ഒടുക്കം ഈ കലാശ പോരില്‍ സമ്മാനിക്കുക എന്നതില്‍ പരം മറ്റൊന്നും ഇന്ത്യയ്ക്ക് മുമ്പിലുണ്ടാവില്ലെന്ന് ഉറപ്പാണ്.

Content Highlight: Indian Women will face South Africa Women in ICC Women’s ODI World Cup final

We use cookies to give you the best possible experience. Learn more