ലോക ചാമ്പ്യന്മാര്‍ കാര്യവട്ടത്തെത്തുന്നു; ശ്രീലങ്കക്കെതിരെ കച്ച മുറുക്കാന്‍ ഇന്ത്യ
Cricket
ലോക ചാമ്പ്യന്മാര്‍ കാര്യവട്ടത്തെത്തുന്നു; ശ്രീലങ്കക്കെതിരെ കച്ച മുറുക്കാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th November 2025, 11:53 am

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമാണ് മത്സരങ്ങള്‍ക്കായി കേരളത്തിലെത്തുന്നത്. ശ്രീലങ്കക്ക് എതിരെയുള്ള ടി – 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയെന്നാണ് വിവരം.

അടുത്ത മാസം അവസാനമാണ് ശ്രീലങ്കക്ക് എതിരെയുള്ള പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതിലെ മൂന്ന് മത്സരങ്ങള്‍ക്കാണ് തിരുവനന്തപുരം വേദിയാവുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് വേദിയാവുക വിശാഖപട്ടണമാണെന്നും വിവരമുണ്ട്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

അതിന് ശേഷമാണ് കേരളത്തില്‍ മത്സരങ്ങള്‍ നടക്കുക. ഡിസംബര്‍ 26, 28, 30 എന്നീ തിയ്യതികളിലാണ് ഇന്ത്യയുടെ ഗ്രീന്‍ഫീല്‍ഡിലെ മത്സരങ്ങള്‍. ഈ ദിവസങ്ങളില്‍ വൈകുന്നേരം അരങ്ങേറുമെന്നാണ് കെ.സി.എ ലഭിച്ച വിവരം. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് 24 മണിക്കൂറിനകമുണ്ടാകുമെന്നാണ് സൂചന.

വനിതാ ഏകദിന ലോകകപ്പ് വിജയിച്ചതിന് ശേഷമുള്ള ഇന്ത്യന്‍ വനിതകളുടെ നാട്ടിലെ ആദ്യ പരമ്പരയാണിത്. അതിലെ മത്സരങ്ങളാണ് ഇപ്പോള്‍ കേരളം വേദിയാവുന്നത്. ലോക ചാമ്പ്യന്മാര്‍ വിരുന്നൊരുക്കാന്‍ എത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ കാണികള്‍.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 2025 ഐ.സി.സി ഏകദിന വനിതാ ലോകകപ്പുമായി

നേരത്തെ, ഐ.സി.സി വനിതാ ഏകദിന ലോകക്കപ്പിനായി തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെ പരിഗണിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം ചില സാങ്കേതിയ തടസം മൂലം ഈ അവസരം നഷ്ടപ്പെട്ടിരുന്നു. അന്ന് മുംബൈ സ്റ്റേഡിയത്തിലാണ് നറുക്ക് വീണത്.

ലോകകപ്പ് മത്സരം നഷ്ടമായത് ഏറെ നാളായി കാര്യവട്ടത്ത് ഒരു മത്സരത്തിനായി കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിച്ചിരുന്നു. എന്നാലിപ്പോള്‍, മത്സരങ്ങള്‍ വീണ്ടുമെത്തുന്നു എന്ന വാര്‍ത്തകള്‍ അവര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

 

Content Highlight: Indian Women Cricket team set face Sri Lanka in three T20 match in December at Karyavttom Greenfield Stadium