2025 ഏഷ്യാ കപ്പില്‍ ജേഴ്‌സി സ്‌പോണ്‍സര്‍മാരില്ലാതെയായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുകയാണ് അപ്പോളോ ടയേഴ്‌സ്. ഓണ്‍ ലൈന്‍ മണി ഗെയ്മിങ് പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ ഷിപ്പില്‍ നിന്ന് മാറിയതോടെയാണ് ഇന്ത്യ പുതിയ സ്‌പോണ്‍സര്‍മാരെ തേടിയത്. ബി.സി.സി.ഐയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അപ്പോളോ ടയേഴ്‌സ് ഇന്ത്യന്‍ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതായി അറിയിച്ചത്.
‘അപ്പോളോ ടയേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ഞങ്ങള്‍ അത് ഉടന്‍ പ്രഖ്യാപിക്കും,’ ബി.സി.സി.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.
579 കോടിയുടെ മൂന്ന് വര്‍ഷത്തെ കരാറാണ് അപ്പോളോ ടയേഴ്‌സുമായി ബി.സി.സി.ഐ ഒപ്പുവെച്ചത്. മൂന്ന് വര്‍ഷ കാലയളവിലേക്ക് ഡ്രീം ഇലവനുമായി നടത്തിയ 358 കോടിയുടെ കരാറിനേക്കാള്‍ കൂടുതലാണിത്. അപ്പോളോ ടയേഴ്‌സിന്റെ കരാര്‍ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് 121 ദ്വിരാഷ്ട്ര മത്സരങ്ങളും 21 ഐ.സി.സി മത്സരങ്ങളുമാണ് ഉള്ളത്.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണ് അപ്പോളോ ടയേഴ്‌സ്. ടയര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലും യൂറോപ്പ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും നിര്‍മാണ യൂണിറ്റുകളുണ്ട്.
ഓണ്‍ലൈന്‍ ഗെയിം പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് പ്രകാരം ഇന്ത്യയില്‍ മണി ഗെയ്മിങ് പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ചതോടെയാണ് ഡ്രീം ഇലവന്‍ പിന്‍മാറാന്‍ നിര്‍ബന്ധിതരായത്. മുമ്പ് ബൈജൂസ് ആപ്പ്, ഡ്രീം ഇലവന്‍ എന്നിവര്‍ ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്തിരുന്നു.
അതേസമയം 2025 ഏഷ്യാ കപ്പില്‍ നിലവില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയ മെന്‍ ഇന്‍ ബ്ലൂ സൂപ്പര്‍ ഫോറിലും ഇടം നേടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 19ന് ഒമാനുമായാണ് ഇന്ത്യയുടെ അടുത്തമത്സരം. ഷെയ്ഖ് സയിദ് സ്റ്റേഡിയമാണ് വേദി.
Content Highlight: Indian team signs new jersey sponsorship with Apollo Tyres