ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉടമകളായ മാഗ്‌നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. 24 ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018ലാണ് മാഗ്‌നം സ്‌പോര്‍ട്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത്. മുന്‍ ഉടമകളായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്നും പ്രസാദ് പുട്ടല്ലൂരില്‍ നിന്നും മുഴുവന്‍ ഓഹരിയും വാങ്ങി ടീമിനെ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണില്‍ ക്ലബ് ഐ.എസ്.എല്ലില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്ലബ് ടൂര്‍ണമെന്റില്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. ഇതില്‍ പ്രതിഷേധിച്ച് ടീമിന്റെ ആരാധക കൂട്ടായ്മ മഞ്ഞപ്പട തന്നെ രംഗത്തെത്തിയിരുന്നു. ടീമിന് കച്ചവട താത്പര്യങ്ങള്‍ മാത്രമാണുള്ളതെന്നും മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നും മഞ്ഞപ്പട വിമര്‍ശനം ഉന്നയിച്ചിരുന്നു.
വിജയിക്കാന്‍ വേണ്ട തന്ത്രങ്ങള്‍ ഒരുക്കുന്നില്ലെന്നും മഞ്ഞപ്പട ആരോപിച്ചിരുന്നു. കൂടാതെ, ടീമിന്റെ മത്സരങ്ങളില്‍ നിന്ന് ആരാധകര്‍ കൂട്ടത്തോടെ സ്റ്റേഡിയങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്തിരുന്നു. ചില മത്സരങ്ങളില്‍ ആരാധകരുടെ പ്രതിഷേധങ്ങള്‍ക്ക് വരെ ക്ലബ്ബിനും താരങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നു. ഇതിന് പിന്നാലെ ടീമിന്റെ ഓഹരികള്‍ വില്‍ക്കുന്നത്.
ക്ലബ്ബിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിലേക്ക് നയിച്ചതിന്റെ പ്രധാന കാരണം ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ചിലരാണ് ഓഹരി വാങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. പഴയ എഫ്.സി കൊച്ചിനിന്റെ ഉടമകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമയായി എത്തുകയെന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും.
അതേസമയം, നിലവില്‍ സ്‌പോണ്‌സര്‍മാരുമായുള്ള തര്‍ക്കം കാരണം ഐ.എസ്.എല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലെ എട്ട് ക്ലബ്ബുകളുമായി എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ ചെയ്ത് ഈ വർഷം തന്നെ ടൂര്‍ണമെന്റ് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന് എന്ന് തുടക്കമാവുമെന്ന് ഇപ്പോഴും വ്യക്തതയില്ല.
Content Highlight: Indian Super League Club Kerala Blasters being sold: Report