ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഒക്ടോബര്‍ രണ്ടിന് തുടങ്ങാനിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10 മുതല്‍ 14 വരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
എന്നാല്‍ പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് കളിക്കാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ പന്തിന് ഇടത് കാലില്‍ പരിക്ക് പറ്റിയത് ഇനിയും സുഖം പ്രാപിക്കാത്തതാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് താരം പുറത്താകാന്‍ കാരണം.
മാഞ്ചസ്റ്ററില്‍ ആദ്യദിനം ബാറ്റിങ്ങിനിറങ്ങിയ പന്തിന് ഫാസ്റ്റ് ബൗളര്‍ ക്രിസ് വോക്‌സില്‍ നിന്നാണ് കാലിന് പരിക്ക് പറ്റിയത്. ശേഷം കളത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും പരിക്കുമായി പന്ത് വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. തന്റെ ഇന്നിങ്‌സില്‍ 75 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. ശേഷം ആറ് ആഴ്ചത്തോളം താരത്തിന് വിശ്രമം വേണമെന്നും ഫിസിയോകള്‍ പറഞ്ഞിരുന്നു. മാത്രമല്ല പരമ്പര 2-2ന് സമനിലയിലെത്തിച്ചാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്.