വിന്‍ഡീസ് താരങ്ങളേക്കാള്‍ ഞാന്‍ പേടിക്കുന്നത് അതിനെ, റണ്ണൊഴുക്കിനെ തടസപ്പെടുത്താന്‍ പോവുന്നത് അതാവും; ഭയം വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക്
Sports News
വിന്‍ഡീസ് താരങ്ങളേക്കാള്‍ ഞാന്‍ പേടിക്കുന്നത് അതിനെ, റണ്ണൊഴുക്കിനെ തടസപ്പെടുത്താന്‍ പോവുന്നത് അതാവും; ഭയം വെളിപ്പെടുത്തി ദിനേഷ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 7:11 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ നാലാം ടി-20 മത്സലം ഫ്‌ളോറിഡയില്‍ തുടങ്ങാനിരിക്കുകയാണ്. ബാറ്റര്‍മാരും ബൗളര്‍മാരും ഫീല്‍ഡര്‍മാരുടമക്കം ഇന്ത്യയുടെ എല്ലാ ഡിപ്പാര്‍ട്‌മെന്റും എണ്ണയിട്ട യന്ത്രം പോലെയായിരുന്നു കഴിഞ്ഞ മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുത്തത്. ഇതേ മികവ് അവര്‍ക്ക് ഫ്‌ളോറിഡയില്‍ നടക്കുന്ന നാലാം മത്സരത്തിലും പുറത്തെടുക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

എന്നാല്‍ താരങ്ങളുടെ പ്രകടനത്തേക്കാള്‍ ഗ്രൗണ്ടിലെ കാറ്റ് ഒരു നിര്‍ണായക ഘടകമാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. വമ്പനടികള്‍ക്ക് കാറ്റ് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നാണ് കാര്‍ത്തിക്കിന്റെ വിലയിരുത്തത്തല്‍.

‘കരീബിയന്‍ മണ്ണിലും മിയാമിയിലുമൊക്കെ കളിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവിടെ കാറ്റ് അത്തരത്തിലൊരു ഫാക്ടറാണ്.

ഹെവി ബോളുപയോഗിച്ചാണ് കളിക്കുന്നതെങ്കില്‍ കൂടിയും റണ്ണൊഴുക്കിനെ തടഞ്ഞുനിര്‍ത്താന്‍ കാറ്റിനാവും. പന്തിനെ കാറ്റങ്ങ് കൊണ്ടുപോവുകയും ബൗണ്ടറി ലൈന്‍ കടക്കാതിരിക്കുകയും ചെയ്യും,’ താരം പറയുന്നു.

എന്നാല്‍ ചിലപ്പോള്‍ ഇത് തനിക്കും ടീമിനും ഫേവറാവാന്‍ സാധ്യതയുണ്ടെന്നും ഡി.കെ പറയുന്നു.

‘മറ്റൊരു രീതിയിലും ഇതിനെ കാണാന്‍ സാധിക്കും. വലിയ സിക്‌സറുകള്‍ നേടാന്‍ കാറ്റ് സഹായിക്കും. എന്നാല്‍ ബൗളര്‍മാര്‍ അതിന് അനുവദിക്കില്ല. അവര്‍ ബുദ്ധിമാന്‍മാരാണ്. കാറ്റിനെതിരെ ഷോട്ട് കളിക്കാനാവും അവര്‍ നമ്മളെ നിര്‍ബന്ധിക്കുന്നത്.

അതാണ് ഒരു ബാറ്റര്‍ എന്ന നിലയില്‍ എന്നെ കൂടുതല്‍ ടഫാക്കുന്നത്. ഒരു ദിവസം ഒരു പ്രത്യേക ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ അതിന് സാധിക്കണമെന്നില്ല. എന്നാല്‍ ചില ദിവസങ്ങളില്‍ അതാവും ഏറ്റവും മികച്ച രീതിയില്‍ കളിക്കാന്‍ പറ്റുന്നത്,’ അദ്ദേഹം പറയുന്നു.

അതേസമയം, ഫ്‌ളോറിഡയില്‍ നടക്കുന്ന നാലാം മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. സമ്മര്‍ദ്ദമില്ലാതെ അഞ്ചാം മത്സരത്തിന് ഇറങ്ങുകയും ചെയ്യാം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളി കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. എന്നാല്‍ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആണ് ജയിക്കുന്നതെങ്കില്‍ അഞ്ചാം മത്സരം നിര്‍ണായകമാവും.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പരിക്കാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് താരം പുറത്തായത്. രോഹിത്തിന് കളിക്കാന്‍ സാധിക്കില്ലെങ്കിലും സ്‌ക്വാഡില്‍ നിരവധി താരങ്ങളുള്ളതാണ് ആരാധകര്‍ക്ക് ആശ്വാസമാകുന്നത്.

 

Content highlight: Indian star Dinesh Karthik says wind will be a deciding factor in India vs West Indies 4th match