ഒരു ട്വിസ്റ്റുമില്ല സര്‍പ്രൈസുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെതന്നെ; സ്റ്റാന്‍ഡ്‌ബൈ ആയിട്ട് പോലും സഞ്ജു ഇല്ല!
Cricket
ഒരു ട്വിസ്റ്റുമില്ല സര്‍പ്രൈസുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെതന്നെ; സ്റ്റാന്‍ഡ്‌ബൈ ആയിട്ട് പോലും സഞ്ജു ഇല്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th September 2022, 6:21 pm

 

അടുത്ത മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്‌ക്വാഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ഉപനായകന്‍ കെ.എല്‍. രാഹുലാണ്.

പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ കളിക്കാന്‍ സാധിക്കാതിരുന്ന സൂപ്പര്‍താരം ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ബുംറ നയിക്കുന്ന പേസ് അറ്റാക്കില്‍ എക്‌സ്പീരിയന്‍സ്ഡ് താരമായ ഭുവനേശ്വര്‍ കുമാറുമുണ്ടാകും. യുവ താരമായ അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷല്‍ പട്ടേലുമാണ് ടീമിലെ മറ്റു പേസ് താരങ്ങള്‍.

അവസാന നിമിഷം വരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ആരാധകര്‍ കരുതിയ മലയാളി താരം സഞ്ജു സാംസണ് ആദ്യ 15 അംഗ സ്‌ക്വാഡിലും സ്റ്റാന്‍ഡ് ബൈയിലും അവസരം ലഭിച്ചില്ല. പേസ് ബൗളര്‍ മുഹമ്മദ് ഷമി ടീമിന്റെ സ്റ്റാന്‍ഡ് ബൈ പ്ലയേഴ്‌സിലുണ്ട്.

വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, എന്നിവരായിരിക്കും മിഡില്‍ ഓര്‍ഡറില്‍ ബാറ്റിങ് നയിക്കുക. ഫിനിഷിങ്ങില്‍ ദിനേഷ് കാര്‍ത്തിക്കും ഹര്‍ദിക് പാണ്ഡ്യയും അണിനിരക്കും. ജഡേജക്ക് പകരം ആരെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം കണ്‍ഫ്യൂഷനിലാണ്.

ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഫീല്‍ഡിങ്ങിലും ജഡേജ ടീമിന് നല്‍കുന്ന ബാലന്‍സ് അത്ര മികച്ചതായിരുന്നു. അക്‌സര്‍ പട്ടേലോ ദീപക് ഹൂഡയോ അദ്ദേഹത്തിന് പകരം കളത്തില്‍ ഇറങ്ങിയേക്കും.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

 

സ്റ്റാന്‍ഡ്‌ബൈ പ്ലയേഴ്‌സ് – മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചഹര്‍.

Content Highlight: Indian Squad For Icc T20 WorldCup announced