ഇന്ത്യന്‍ ടീമില്‍ ആശങ്ക, ചാമ്പ്യന്‍സ് ട്രോഫിയില്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി; ഐ.സിയോട് അപേക്ഷിക്കാന്‍ ബി.സി.സി.ഐ
Sports News
ഇന്ത്യന്‍ ടീമില്‍ ആശങ്ക, ചാമ്പ്യന്‍സ് ട്രോഫിയില്‍ കാത്തിരിക്കുന്നത് എട്ടിന്റെ പണി; ഐ.സിയോട് അപേക്ഷിക്കാന്‍ ബി.സി.സി.ഐ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th January 2025, 9:53 am

2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ആദ്യമത്സരത്തില്‍ കറാച്ചിയില്‍ വെച്ച് പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായില്‍ നടക്കും. ഇപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

എന്നാല്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം വലിയ ആശയക്കുഴപ്പത്തിലാണ്. സ്‌ക്വാഡ് പുറത്ത് വിടാനുള്ള അവസാന സമയം കഴിയാനിരിക്കെ സമയം നീട്ടിത്തരണമെന്ന് ഐ.സി.സിയോട് അപേക്ഷിക്കാനിരിക്കുകയാണ് ബി.സി.സി.ഐ. ഏതെല്ലാം താരങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഒഴിവാക്കണമെന്നുമുള്ള വലിയ വെല്ലുവിളിയിലാണ് ഇന്ത്യ.

നിലവില്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരമായി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്. അത്തരത്തില്‍ രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഏകദിനത്തിന് വേണ്ടിയുള്ള താരങ്ങളുടെ കോമ്പിനേഷനും തെരഞ്ഞടുപ്പിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാവും ബി.സി.സി.ഐയുടെ അപേക്ഷ. ഇന്ത്യയുടെ അപേക്ഷ ഐ.സി.സി നിരസിച്ചാല്‍ ഒരു മികച്ച സ്‌ക്വാഡ് ഇന്ത്യയ്ക്ക് നഷ്ടമായേക്കാം. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്‌ക്വാഡില്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇലവനെ പ്രഖ്യാപിക്കുന്നതും വൈകിയേക്കും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പരിഗണിച്ചായിരിക്കും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പയില്‍ ഇന്ത്യ ഇലവനെ പ്രഖ്യാപിക്കുന്നതും.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20കള്‍ക്കുള്ള സ്‌ക്വാഡ് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചേക്കും. ജനുവരി 22 മുതല്‍ ഇംഗ്ലണ്ട് അഞ്ച് ടി-20യും മൂന്ന് ഏകദിനങ്ങളും കളിക്കും. ഫെബ്രുവരി 6, 9, 12 തീയതികളിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: Indian In Big Confusion Ahead Of 2025 Champions Trophy