ന്യൂദൽഹി: രാജ്യത്ത് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (വി.പി.എൻ) സേവനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. വി.പി.എൻ സേവനങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ നിയമപരമായ ചട്ടക്കൂട് രൂപീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ നിയന്ത്രണളുടെ ഭാഗമായി വി.പി.എൻ കമ്പനികളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. നിലവിൽ ഇന്ത്യയിൽ ഓഫീസ് ഇല്ലാത്ത വി.പി.എൻ കമ്പനികൾക്കും രാജ്യത്ത് പ്രവർത്തിക്കണമെങ്കിൽ പ്രാദേശികമായി ഓഫീസ് തുറക്കേണ്ടി വരും.
ഇന്ത്യയിൽ വി.പി.എൻ കമ്പനിയുടെ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന വ്യവസ്ഥ കേന്ദ്രസർക്കാർ കൊണ്ട് വരും. ഈ ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരും തമ്മിലായിരിക്കും നിയമപരമായ വിഷയങ്ങളിലടക്കമുള്ള നേരിട്ടുള്ള ആശയ വിനിമയം.
ഇന്ത്യയിൽ വി.പി.എൻ കമ്പനികൾ ഓഫീസ് തുടങ്ങണമെന്നും ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമ നിർമാണത്തിൽ വ്യവസ്ഥയുണ്ടാവും. കേന്ദ്രസർക്കാർ ഉന്നയിക്കുന്ന പരാതികൾ പരിഗണിക്കാൻ വി.പി.എൻ കമ്പനികളുടെ ഇന്ത്യൻ ഓഫീസുകളിൽ പ്രത്യേകം കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
വി.പി.എന്നുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ സേവന ദാതാക്കളുടെ പ്രാദേശിക ജീവനക്കാർക്കെതിരെ ശിക്ഷാ നടപടികളുണ്ടാവുന്ന തരത്തിലാവും നിയമ നിർമാണമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു. ജയിൽ ശിക്ഷയടക്കമാവും ഇത്തരം കേസുകളിൽ വി.പി.എൻ കമ്പനി ജീവനക്കാർക്ക് ലഭിക്കുക.
2021ലെ വിവര സാങ്കേതിക വിദ്യ (ഐ.ടി) ചട്ടം പ്രകാരം സമാനമായ വ്യവസ്ഥകൾ നിലവിൽ രാജ്യത്ത് സമൂഹ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
വി.പി.എൻ കമ്പനികൾ അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചുരുങ്ങിയത് അഞ്ച് വർഷത്തേക്കെങ്കിലും സൂക്ഷിച്ച് വെക്കണമെന്ന് രാജ്യത്തെ സൈബർ സുരക്ഷാ ഏജൻസിയായ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സെർട് ഇൻ) 2022ൽ നിർദേശിച്ചിരുന്നു. പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ അടക്കമുള്ള വിവരങ്ങളായിരുന്നു വി.പി.എൻ കമ്പനികൾ സൂക്ഷിച്ച് വെക്കണമെന്ന് സെർട്ട് ഇൻ ആവശ്യപ്പെട്ടത്.
എന്നാൽ സെർട് ഇൻ മുന്നോട്ട് വെച്ച ആവശ്യം തങ്ങളുടെ സ്വകാര്യതാ നയങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു വി.പി.എൻ കമ്പനികൾ പ്രതികരിച്ചത്. പ്രോട്ടോൺ വി.പി.എൻ, എക്സ്പ്രസ് വി.പി.എൻ, നോർഡ് വി.പി.എൻ തുടങ്ങിയ കമ്പനികൾ ഇതിനെത്തുടർന്ന് അവരുടെ ഇന്ത്യയിലുള്ള സെർവറുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. നിലവിൽ സിംഗപ്പൂരിലെ സെർവറുകൾ വഴിയാണ് ഇന്ത്യയിലെ ട്രാഫിക് ഈ കമ്പനികൾ കൈകാര്യം ചെയ്യുന്നത്.
Content Highlight: Indian Government plans to make new frame work on VPN web privacy tools – Report