ഒഡീസി 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി, ഇവിടെ നാല് വര്‍ഷമെടുത്ത് ദുരന്തം പടച്ചുവിടുന്നു; ഇന്ത്യന്‍ സംവിധായകരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Indian Cinema
ഒഡീസി 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി, ഇവിടെ നാല് വര്‍ഷമെടുത്ത് ദുരന്തം പടച്ചുവിടുന്നു; ഇന്ത്യന്‍ സംവിധായകരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 16th July 2026, 8:00 pm

ഹോളിവുഡ് ജീനിയസ് ക്രിസ്റ്റഫര്‍ നോളന്റെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഏറ്റവും പുതിയ ചിത്രമായ ഒഡീസിയുടെ പ്രീമിയറിനായി ഇന്ത്യയിലെത്തിയ നോളന്‍ പല ചാനലുകള്‍ക്കും ഇന്റര്‍വ്യൂ നല്‍കിയതാണ് സിനിമാപേജുകളിലെ പ്രധാനവിഷയം. ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വരവേല്പാണ് ഒഡീസിക്ക് ലഭിക്കുന്നത്.

അനുപമ ചോപ്രയുമായി നോളന്‍ നടത്തിയ അഭിമുഖത്തിലെ ചെറിയൊരു ഭാഗമാണ് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. ഒഡീസി എന്ന സിനിമയുടെ വിഷന്‍ തന്റെ മനസിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും അത് സിനിമാരൂപത്തിലേക്കാക്കിയതിനെക്കുറിച്ചും നോളന്‍ സംസാരിച്ചു. കടല്‍ത്തീരത്തുള്ള ട്രോജന്‍ കുതിരയുടെ ഇമേജാണ് ആദ്യമായി തന്റെ മനസില്‍ രൂപപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌ക്രിപ്‌റ്റെല്ലാം പൂര്‍ത്തിയായ ശേഷം കാസ്റ്റിങ്ങിലേക്ക് കടന്നെന്നും അതിന് ശേഷം ഷൂട്ടിന്റെ ചാര്‍ട്ടിങ് പൂര്‍ത്തിയാക്കിയെന്നും നോളന്‍ കൂട്ടിച്ചേര്‍ത്തു. 100 ദിവസത്തെ ഷൂട്ടാണ് ആദ്യം പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ 92ാം ദിവസം പാക്കപ്പ് ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം പറയുന്നു. ഇത്രയും വലിയ സിനിമ 92 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയെന്ന വാക്കുകള്‍ പലരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ പല വമ്പന്‍ സംവിധായകരും ഒരു സിനിമ പൂര്‍ത്തിയാക്കാനെടുക്കുന്ന സമയത്തെ നോളന്റെ വാക്കുകളുമായി താരതമ്യം ചെയ്യുകയാണ്. മൂന്നും നാലും വര്‍ഷങ്ങള്‍ ഒരു സിനിമക്കായി എടുക്കുന്ന സംവിധായകരെ കണക്കിന് വിമര്‍ശിക്കുകയാണ് സിനിമാപേജുകള്‍. തെലുങ്ക് സംവിധായകരാണ് ഈ ലിസ്റ്റിലെ പ്രധാനികള്‍.

പുഷ്പ എന്ന സിനിമ ഒരുക്കിയ സുകുമാറാണ് ലിസ്റ്റിലെ ആദ്യ സംവിധായകന്‍. 2019ല്‍ അനൗണ്‍സ് ചെയ്ത പുഷ്പ 2021ലാണ് തിയേറ്ററുകളിലെത്തിയത്. ഷൂട്ട് ആരംഭിച്ച് ഒരുഘട്ടമായപ്പോള്‍ രണ്ട് ഭാഗമാക്കി മാറ്റുകയും പിന്നീട് രണ്ടാം ഭാഗത്തിനായി വീണ്ടും രണ്ടര വര്‍ഷത്തിലേറെ സമയമെടുത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയത് പുഷ്പ പോലൊരു സിനിമയാണെന്നും പരിഹസിക്കുന്നു.

തെലുങ്ക് ഇന്‍ഡസ്ട്രിയുടെ ബ്രാന്‍ഡായ രാജമൗലിയെയും വെറുതെ വിടുന്നില്ല. നാലും അഞ്ചും വര്‍ഷം ഒരു സിനിമക്കായി മാറ്റിവെക്കുന്ന ശീലം ഇനിയെങ്കിലും മാറ്റിക്കൂടെയെന്നാണ് ചോദ്യങ്ങള്‍. ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകള്‍ ഒരുക്കിയ ഷങ്കറിനെയും സിനിമാപേജുകള്‍ വിമര്‍ശിക്കുന്നുണ്ട്. ഒരുപാട് ദിവസം ഷൂട്ടിനായി മാറ്റിവെച്ചാല്‍ സിനിമ ഗംഭീരമാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Indian directors getting criticisms after Christopher Nolan’s interview

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം