ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഇറാനിലെത്തി. നാളെ(ജൂലൈ നാല്, ശനി) മുതൽ ഈ മാസം ഒമ്പത് വരെയാണ് സംസ്കാര ചടങ്ങുകൾ.
ഇന്ത്യയിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മത നേതാക്കളും സിവിൽ സൊസൈറ്റി അംഗങ്ങളും അടങ്ങുന്ന പ്രതിനിധി സംഘമാണ് സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഇറാനിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളായ സൽമാൻ ഖുർഷിദ്, മെഹബൂബ മുഫ്തി, ജമ്മു കശ്മീർ ഷിയ അസോസിയേഷൻ പ്രസിഡന്‍റ് ഇമ്രാൻ റേസ അൻസാരി എന്നിവർ അടക്കമുള്ളവരാണ് തെഹ്റാനിലെത്തിയത്.
ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഘരീത ബീഹാർ ഗവർണർ ലെഫ്റ്റനന്റ് ജെനറൽ (റിട്ടയേഡ്) സഈദ് ആതാ ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇറാനിലേക്ക് തിരിച്ചിട്ടുണ്ട്.
A delegation of Indian religious leaders paid tribute to the martyred Leader of the Islamic Republic of Iran, Ayatollah Ali Khamenei. pic.twitter.com/Ji1i3vNkGm
ശനി, ഞായർ ദിവസങ്ങളിലായിരിക്കും ടെഹ്റാനിലെ ചടങ്ങുകൾ. തുടർന്ന് തിങ്കളാഴ്ച ഖാംനഇയുടെ ഭൗതിക ശരീരം ഖോം നഗരത്തിലെത്തിക്കും. ചൊവ്വാഴ്ച നജഫ്, കർബല നഗരങ്ങളിലും ചടങ്ങുകളുണ്ടാവും. ബുധനാഴ്ച മഷാദ് നഗരത്തിലെ റേസ മസ്ജിദിലെ ഖബർസ്ഥാനിലാണ് ഭൗതിക ശരീരം സംസ്കരിക്കുക.
ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തെ മോദി അപലപിച്ചിരുന്നില്ല. എന്നാല്‍ മാര്‍ച്ച് അഞ്ചിന് വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ച അനുശോചന സന്ദേശം ദല്‍ഹിയിലെ ഇറാന്‍ എംബസിക്ക് കൈമാറിയിരുന്നു.
മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.
ഖാംനഇ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍. ഈ മാസം 13നായിരുന്നു സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചത്.
36 വര്‍ഷം ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖാംനഇ. ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായിരുന്ന ആയത്തുള്ള റുഹൊല്ല ഖൊമെയ്നിയുടെ മരണത്തെത്തുടര്‍ന്ന് 1989ലാണ് ഇറാന്‍ പരമോനത്ത നേതാവായി ഖാംനഇ ചുമതലയേറ്റത്.
ആയത്തുല്ല ഖാംനഇയുടെ മരണത്തിന് പിറകെ മകന്‍ മൊജ്തബ ഖാംനഇയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഇറാന്‍ തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് എട്ടിനായിരുന്നു മൊജ്തബ ഖാംനഇ ചുമതലയേറ്റത്.
Content Highlight: Indian delegation pays tribute to late Iran Supreme Leader