| Thursday, 9th October 2025, 10:01 pm

വീഡിയോ: ഹമ്മോ എന്തൊരു ക്യാച്ച്! ഒറ്റകൈ ക്യാച്ചുമായി ഇന്ത്യന്‍ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ യുവതാരം ക്രാന്തി ഗൗഡ്. വിശാഖപട്ടണം സ്റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് താരത്തിന്റെ ക്യാച്ച്. പ്രോട്ടിയാസ് ഓപ്പണറെ പുറത്താക്കാന്‍ എടുത്ത ഒറ്റകൈ ക്യാച്ചുമായാണ് ഗൗഡ് ആരാധകരെ ഞെട്ടിച്ചത്.

മത്സരത്തിലെ മൂന്നാം ഓവറിലായിരുന്നു സംഭവം. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കക്കെതിരെ മൂന്നാം ഓവര്‍ പന്തെറിയാന്‍ എത്തിയത് ഗൗഡായിരുന്നു. ഓവറിലെ രണ്ടാം പന്തില്‍ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ ടാസ്മിന്‍ ബ്രിട്ട്‌സ് മുന്നോട്ട് വന്ന മിഡ്ഡ് ഓഫിലൂടെ അടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗൗഡ് തന്റെ ഇടം കൈ കൊണ്ട് ആ പന്ത് പിടിച്ചെടുത്തു. ക്യാച്ചിനിടെ ക്രീസില്‍ വീണെങ്കിലും തന്റെ കൈയില്‍ പന്ത് മുറുകെ പിടിച്ച് താരം ആ ക്യാച്ച് പൂര്‍ത്തിയാക്കി.

നിലവില്‍ മത്സരത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ പിന്തുടരുന്ന സൗത്ത് ആഫ്രിക്ക 24 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എടുത്തിട്ടുണ്ട്. 70 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും 14 പന്തില്‍ ഒരു റണ്‍ നേടിയ ക്ലോയി ട്രയോണുമാണ് ക്രീസിലുള്ളത്.

ടാസ്മിന്‍ ബ്രിട്ട്‌സിന് പുറമെ, മാരിസാന്‍ കാപ്പ്, സിനാലോ ജാഫ്ത, സുനെ ലൂസ്, അന്നകെ ബോഷ് എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഇതില്‍ കപ്പും ജാഫ്തയും മാത്രമാണ് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. കാപ്പ് 25 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ ജാഫ്ത 20 പന്തില്‍ 14 റണ്‍സുമാണ് സ്വന്തമാക്കിയത്.

ഇന്ത്യക്കായി ഗൗഡിന് പുറമെ, സ്‌നേഹ് റാണ, നല്ലപുരെഡ്ഡി ചരണി, ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ 251 റണ്‍സെടുത്തിരുന്നു. മികച്ച നിലയില്‍ തുടങ്ങിയ ഇന്ത്യ പിന്നീട് സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങിന് മുമ്പില്‍ പതറിയിരുന്നു. റിച്ച സ്‌നേഹ് റാണയുമായും അമന്‍ജോത് കൗറുമായും ചേര്‍ന്ന് നടത്തിയ കൂട്ടുകെട്ടുകളാണ് ടീമിനെ 200 കടത്തിയത്.

റിച്ച 77 പന്തില്‍ 94 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കൂടാതെ, അമന്‍ജോതുമായി 51 റണ്‍സിന്റെ കൂട്ടുകെട്ടും റാണയുമായി 88 റണ്‍സിന്റെ കൂട്ടുകെട്ടും താരം ഉയര്‍ത്തി. റിച്ചയെ കൂടാതെ, പ്രതിക റാവല്‍ (56 പന്തില്‍ 37), സ്‌നേഹ് റാണ (24 പന്തില്‍ 33) എന്നിവരും സ്‌കോര്‍ ചെയ്തു.

സൗത്ത് ആഫ്രിക്കക്കായി ട്രയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നോന്‍കുലുലെക്കോ മ്ലാബ, മാരിസാന്‍ കാപ്പ്, നദീന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ടുമി സെഖുഖുനെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: Indian cricketer Kranti Gaud takes a stunning catch in India vs South Africa match in ICC Women’s ODI World Cup

We use cookies to give you the best possible experience. Learn more