ന്യൂദല്‍ഹി: യു.എസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുന്ന സാാഹചര്യത്തില്‍ ഇന്ത്യക്കാരോട് ഇറാനിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവെക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യ. സുരക്ഷാ കാരണങ്ങള്‍ കാണിച്ചാണ് ഇങ്ങനെയൊരു നിര്‍ദേശം.
ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കൂടാതെ നിലവില്‍ ഇറാനിലുള്ളവര്‍ താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഇറാനിലേക്ക് പോകാന്‍ പദ്ധതിയിടുന്നഇന്ത്യക്കാര്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ സന്ദര്‍ശനം മാറ്റി വെക്കണം. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ലഭ്യമായ വാണിജ്യ വിമാന ഓപ്ഷനുകള്‍ ഉപയോഗിച്ച് താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണം,’ എംബസി പുറപ്പെടുവിപ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.
ഇറാനില്‍ തുടരാന്‍ തീരുമാനിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്താനും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യന്‍ എംബസി പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
പൗരന്മാരില്‍ ഇത് വരെ എംബസിയില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ചാനലുകളും പതിവായി നിരീക്ഷിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
പ്രാദേശിക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം. ഇറാനില്‍ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ഹെല്‍പ് ലൈന്‍ നമ്പറുകളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്.
Content Highlight: Indian citizens in Iran should leave the country; avoid travel: Indian Embassy issues advisory.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.