എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്ന് അര്‍ഷ്ദീപ് സിങ്ങിന് നല്ല ബോധ്യമുണ്ട്: ഇന്ത്യന്‍ ബൗളിങ് കോച്ച്
Sports News
എന്തുകൊണ്ട് കളിപ്പിക്കുന്നില്ല എന്ന് അര്‍ഷ്ദീപ് സിങ്ങിന് നല്ല ബോധ്യമുണ്ട്: ഇന്ത്യന്‍ ബൗളിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th November 2025, 8:31 pm

ഇന്ത്യയുടെ ടി-20 മത്സരങ്ങളില്‍ തുടര്‍ച്ചയായി അര്‍ഷ്ദീപ് സിങ്ങിന് അവസരം ലഭിക്കാത്തതിന്റെ കാരണം ഇടംകയ്യന്‍ പേസര്‍ക്ക് അറിയാമെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി 100+ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ആയിരുന്നിട്ടും അര്‍ഷ്ദീപിനെ ഇന്ത്യ പലപ്പോഴും ബെഞ്ചില്‍ തന്നെ ഇരുത്തുകയാണ്. ഹര്‍ഷിത് റാണയാണ് ഈ മത്സരങ്ങളിലെല്ലാം കളത്തിലിറങ്ങുന്നത്.

എന്നാല്‍ ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരം അടക്കം അവസരം ലഭിച്ച എല്ലാ മത്സരത്തിലും അര്‍ഷ്ദീപ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യാ കപ്പില്‍ വെറും രണ്ട് മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.

‘ഞങ്ങളുടെ മനസില്‍ പല വലിയ പദ്ധതികളുമുണ്ടെന്ന് അര്‍ഷ്ദീപ് സിങ്ങിന് അറിയാം. വിവിധ കോമ്പിനേഷനുകള്‍ പരീക്ഷിക്കേണ്ട ആവശ്യകതയുണ്ട്. താനൊരു ലോകോത്തര ബൗളറാണെന്നും പവര്‍പ്ലേയില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറാണെന്നും അവന് (അര്‍ഷ്ദീപ് സിങ്) അറിവുള്ളതാണ്.

അവന്‍ ടീമിന് ഏറെ പ്രധാനപ്പെട്ടവനാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മറ്റ് കോമ്പിനേഷനുകള്‍ പരീക്ഷിക്കേണ്ടതുണ്ട്,’ ബൗളിങ് കോച്ച് മോണി മോര്‍കല്‍ പറഞ്ഞു.

‘ഇതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. സെലക്ഷന്റെ കാര്യം വരുമ്പോള്‍ എല്ലായ്‌പ്പോഴും നിരാശയുണ്ടാകും. അവരോട് കഠിനമായി പരിശീലിക്കാനും അവസരം വരുമ്പോള്‍ മികച്ച പ്രകടനം നടത്താനുമാണ് ഞങ്ങള്‍ അവരോട് പറയാറുള്ളത്.

ലോകകപ്പിന് മുമ്പ് ചുരുക്കം മത്സരങ്ങള്‍ മാത്രമാണ് നമുക്ക് കളിക്കാനുള്ളത്. മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് എങ്ങനെ പ്രകടനം നടത്തുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്,’ മോണി മോര്‍കല്‍ കൂട്ടിച്ചേര്‍ത്തു.

ഓസീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ അര്‍ഷ്ദീപിനെ കളത്തിലിറക്കിയിരുന്നില്ല. എന്നാല്‍ ഹര്‍ഷിത് റാണയ്ക്ക് വിശ്രമം നല്‍കിയ മത്സരത്തില്‍ അര്‍ഷ്ദീപിന് അവസരം ലഭിക്കുകയും കളിയിലെ താരമാവുകയും ചെയ്തിരുന്നു.

നാല് ഓവര്‍ പന്തെറിഞ്ഞ താരം 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

നാളെ (വ്യാഴം)യാണ് പരമ്പരയിലെ അടുത്ത മത്സരം. ക്വീന്‍സ്‌ലാന്‍ഡിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയമാണ് വേദി. പരമ്പരയില്‍ ലീഡ് നേടാനുറച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുക.

 

Content Highlight: Indian bowling Morne Morkel says Arshdeep Singh knows why he gets dropped from the playing eleven