ഒരിക്കല്‍ക്കൂടി ഒറ്റയക്കത്തിനാണ് രോഹിത് പുറത്തായത്. ഏഴ് പന്ത് നേരിട്ട താരം വെറും രണ്ട് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയെ പിന്തുണക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ സീതാന്‍ഷു കോട്ടക്. രോഹിത്തിന്റെ ബാറ്റിങ്ങില്‍ തനിക്ക് വ്യക്തിപരമായി ഒരു കുഴപ്പവും തോന്നിയിട്ടില്ല എന്നാണ് സീതാന്‍ഷു കോട്ടക് പറയുന്നത്.
സീതാന്‍ഷു കോട്ടക്
‘വ്യക്തിപരമായി പറയട്ടെ, എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇതിന് മുമ്പ് രോഹിത് കളിച്ച മൂന്ന് ഏകദിന മത്സരങ്ങളില്‍ 58, 64, 35 എന്നിങ്ങനെ അവന്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 50 ഓവര്‍ ഫോര്‍മാറ്റില്‍ അവന്‍ 31 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
എപ്പോഴെങ്കിലും ചെറിയ തോതില്‍ പിന്നോട്ട് പോവുകയാണെങ്കില്‍ ഞാന്‍ ആശങ്കപ്പെടുമെന്നോ അവരുടെ ഫോമിനെ കുറിച്ച് ചിന്തിക്കുമെന്നോ കരുതുന്നില്ല,’ കോട്ടക്കിന്റെ വാക്കുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2024ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രോഹിത് ശര്‍മയുടെ പ്രകടനത്തെ കുറിച്ചാണ് കോട്ടക് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ഇന്ത്യ കളിച്ചിരുന്നത്. ഇതില്‍ ഒന്നില്‍പ്പോലും വിജയിക്കാനും ടീമിന് സാധിച്ചിരുന്നില്ല.
ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ല എന്ന വ്യക്തമാക്കിയ കോട്ടക് ടെസ്റ്റിലെ താരത്തിന്റെ മോശം പ്രകടനത്തെ കുറിച്ചും സംസാരിച്ചു.
‘ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര ഏറെ ബുദ്ധിമുട്ടായിരുന്നു. ഏകദിനത്തില്‍ അവനെല്ലായ്‌പ്പോഴും സ്‌കോര്‍ ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് ആശങ്കകളില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ നിലവില്‍ 1-0ന് മുമ്പിലാണ്.
ഞായറാഴ്ച ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.