ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കി ഇന്ത്യ ടൂര്‍ണമെന്റില്‍ തങ്ങളുടെ മേല്‍ക്കോയ്മ തുടരുകയാണ്. 2025 ഏഷ്യാ കപ്പില്‍ ഇതുവരെ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ദുബായില്‍ പാകിസ്ഥാനെതിരെ സൂപ്പര്‍ ഫോറില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ഏഴ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. സാഹിബ്സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ച്വറിക്ക് അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിലൂടെയാണ് ഇന്ത്യ മറുപടി നല്‍കിയത്.
എന്നാല്‍ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് 17 പന്തില്‍ 13 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്. പക്ഷെ ഒമാനെതിരെ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൂന്നാമനായി ഇറങ്ങി മികച്ച അര്‍ധ സെഞ്ച്വറി നേടാനും സഞ്ജുവിന് സാധിച്ചിരുന്നു.
ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. നാളെ (ബുധന്‍) ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിന് മാന്യമായ അവസരങ്ങള്‍ ലഭിച്ചെന്നും നിലവില്‍ അഞ്ചാം നമ്പറില്‍ സഞ്ജുവാണ് ഏറ്റവും മികച്ചവനെന്ന് റയാന്‍ ചൂണ്ടിക്കാട്ടി.
‘അവന് മാന്യമായ രണ്ട് അവസരങ്ങള്‍ ലഭിച്ചു. എങ്ങനെയാണ് ഈ റോള്‍ കൈകാര്യം ചെയ്യേണ്ടതെന്നാണ് സഞ്ജു ചിന്തിക്കുന്നത്. പാകിസ്ഥാനെതിരെ വിക്കറ്റ് അല്‍പം മന്ദഗതിയിലാണെന്ന് എനിക്ക് തോന്നി. ശുഭ്മന്‍ ഗില്ലും അഭിഷേകും ടോപ്പ് ഓര്‍ഡറില്‍ കളിക്കുന്നു. ക്യാപ്റ്റന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ തിലകും തന്റെ റോളില്‍ കളിക്കുന്നു.
എന്നാല്‍ ഞങ്ങള്‍ തിരയുന്നത് അഞ്ചാം നമ്പര്‍ സ്ഥാനത്തേക്കുള്ള ഒരു താരത്തേയാണ്. സഞ്ജുവാണ് ആ സ്ഥാനത്തേക്ക് ഏറ്റവും മികച്ചവനെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭാവിയില്‍ ആ സ്ഥാനത്ത് എങ്ങനെ കളിക്കണമെന്ന് അവന്‍ മനസിലാക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്,’ റയാന്‍ ടെന്‍ ഡോഷേറ്റ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി പറഞ്ഞു.