ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. മൂന്നാമനായി ഇറങ്ങി 96 പന്തില്‍ നിന്ന് 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. നിര്‍ണായക ഘട്ടത്തില്‍ 14 ഫോര്‍ ഉള്‍പ്പെടെയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്.
ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് താരം ജേക്കബ് ബേഥലിന്റെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്.
5⃣0⃣ up & going strong is vice-captain Shubman Gill! 💪 💪
അഞ്ചാമനായി ഇറങ്ങിയ അക്‌സര്‍ പട്ടേലും അര്‍ധ സെഞ്ച്വറി നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. 47 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ രവീന്ദ്ര ജഡേജ 12 റണ്‍സും ഹര്‍ദിക് പാണ്ഡ്യ ഒമ്പത് റണ്‍സും നേടി വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഏഴ് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് നേടി ആരാധകരെ നിരാശപ്പെടുത്തി മടങ്ങിയപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 15 റണ്‍സിനും മടങ്ങിയിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി സാക്കിബ് മഹ്‌മൂദ്, ആദില്‍ റഷീദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജേക്കബ് ബേഥല്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ ജോസ് ബട്ലറും ജേക്കബ് ബേഥലുമാണ്. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇരുവരും മികവ് പുലര്‍ത്തിയത്.
ബട്ലര്‍ 67 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 52 റണ്‍സ് നേടിയപ്പോള്‍ ജേക്കബ് 54 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 51 റണ്‍സും നേടി. ഇരുവര്‍ക്കും പുറമെ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ ഫില്‍ സോള്‍ട്ടും (26 പന്തില്‍ 43), ബെന്‍ ഡക്കറ്റുമാണ് (29 പന്തില്‍ നിന്ന് 32).
ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയും യുവ താരം ഹര്‍ഷിത് റാണയുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് നേടിയത്. ജഡേജ ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്.
ഇതോടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 600 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനും ജഡ്ഡുവിന് സാധിച്ചിരുന്നു. മത്സരത്തില്‍ റാണ ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോവിക്കറ്റും നേടാന്‍ സാധിച്ചു.
Content Highlight: India Won By 4 Wickets Against England In First ODI