ഇന്ത്യയുടെ വിജയക്കുതിപ്പില്‍ ഇവന് ഇങ്ങനെയൊരു പങ്കുണ്ടായിരുന്നെന്ന് അറിഞ്ഞില്ല!
Sports News
ഇന്ത്യയുടെ വിജയക്കുതിപ്പില്‍ ഇവന് ഇങ്ങനെയൊരു പങ്കുണ്ടായിരുന്നെന്ന് അറിഞ്ഞില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th February 2025, 5:23 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത് വിജയമാണിത്. ഇതോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ശിവം ദുബെ കാഴ്ചവെച്ചത്. നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിലാണ് യുവ ഓള്‍ റൗണ്ടര്‍ക്ക് കളത്തില്‍ ഇറങ്ങാന്‍ അവസരം ലഭിച്ചത്. നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ചറി നേടാന്‍ ദുബെയ്ക്ക് സാധിച്ചു.

34 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്. ജോസ് ബട്‌ലറിന്റെ ത്രോയില്‍ റണ്‍ ഔട്ട് ആവുകയായിരുന്നു താരം. അവസാന മത്സരത്തില്‍ 13 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. 230.77 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ശിവം ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ആദില്‍ റഷീദിന് വിക്കറ്റ് നല്‍കുകയായിരുന്നു. മാത്രമല്ല ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ചുരുങ്ങിയ ടി-20 മത്സരങ്ങള്‍ മാത്രം കളിച്ച ദുബെ ബാറ്റര്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ടി-20ഐയില്‍ 35 മത്സരത്തിലെ 26 ഇന്നിങ്‌സില്‍ നിന്ന് 31.24 എന്ന ആവറേജില്‍ 531 റണ്‍സ് നേടാന്‍ ദുബെയ്ക്ക് സാധിച്ചു. 63 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. മാത്രമല്ല നാല് അര്‍ധ സെഞ്ച്വറികള്‍ നേടാനും താരത്തിന് സാധിച്ചു. ഫോര്‍മാറ്റില്‍ 13 വിക്കറ്റുകളാണ് താരം തന്റെ അക്കൗണ്ടിലാക്കിയത്.

ഇതിനെല്ലാം പുറമെ ഒരു നേട്ടവും ദുബെയ്ക്ക് നേടാന്‍ സാധിച്ചു. 2019 ഡിസംബര്‍ 12 മുതുല്‍ ശിവം ഇന്ത്യന്‍ ഇലവന്റെ ഭാഗമായ 30 മത്സരങ്ങളില്‍ 30ഉം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബെ ടി-20യില്‍ സ്ഥിരം സ്ഥാനം പിടിക്കാന്‍ ഈ കണക്കുകള്‍ മാത്രം മതിയാകുമെന്ന് ഉറപ്പാണ്. മറ്റ് താരങ്ങളുടെ വിടവ് വന്നാല്‍ മാത്രമാണ് മിക്ക സമയത്തും ദുബെ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ അവസരം ലഭിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെക്കുന്നത്.

 

Content Highlight: India Won 30 T-20 Matches When Shivam Dube in Playing Eleven