| Saturday, 1st October 2022, 7:12 pm

രോഹിത്തിന് പറ്റാത്തത് ഇവര്‍ നേടും; ശ്രീലങ്കയെ 41 റണ്‍സിന് തകര്‍ത്ത് ഏഷ്യാ കപ്പില്‍ കുതിപ്പ് തുടങ്ങി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ രോഹിത് ശര്‍മക്കും സംഘത്തിനും നേടാന്‍ സാധിക്കാത്തത് തങ്ങള്‍ നേടുമെന്ന വാശിയിലാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. ആ വാശി വിളിച്ചോതുന്ന പ്രകടനമായിരുന്നു വനിതാ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ പുറത്തെടുത്തത്.

തങ്ങളുടെ ആദ്യ മാച്ചില്‍ തന്നെ 41 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ക്യാമ്പെയ്‌ന് തുടക്കം കുറിച്ചിരിക്കുന്നത്.

ജെമിയ റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് വന്‍വിജയം നേടിക്കൊടുത്തത്.

ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപത്തു ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചമാരിയുടെ നീക്കം ശരിവെക്കുന്ന പ്രകടനമായിരുന്നു ശ്രീലങ്കന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.

ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും പെട്ടെന്ന് തന്നെ പുറത്തായി. 11 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ഷെഫാലിയും ഏഴ് പന്തില്‍ നിന്നും ആറ് റണ്‍സുമായി മന്ദാനയും കൂടാരം കയറി.

എന്നാല്‍ വണ്‍ ഡൗണായി ജെമിയ കളത്തിലെത്തിയതോടെ കളി മാറി. ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളടിച്ച് ജെമിയ ലങ്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു.

ഒടുവില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമാരിക്ക് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡാവുമ്പോള്‍ 53 പന്തില്‍ നിന്നും 76 റണ്‍സായിരുന്നു ജെമിയയുടെ സമ്പാദ്യം. 11 ഫോറും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

നാലാമതിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ഒട്ടും മോശമാക്കിയില്ല. 30 പന്തില്‍ നിന്നു രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 33 റണ്‍സാണ് ക്യാപ്റ്റന്‍ ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഒടുവില്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 150 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് ഇന്ത്യയേക്കാള്‍ മികച്ച തുടക്കമായിരുന്നു ലഭിച്ചത്, എന്നാല്‍ ആ തുടക്കം മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല.

ലങ്കന്‍ സ്‌കോര്‍ 25ല്‍ നില്‍ക്കവെ ക്യാപ്റ്റന്‍ ചമാരിയെ പുറത്താക്കി ദീപ്തി ശര്‍മയാണ്  തുടങ്ങിത്. 11 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമായിരുന്നു ചമാരിയുടെ സമ്പാദ്യം. ടീം സ്‌കോര്‍ 40 കടക്കും മുമ്പേ അടുത്ത വിക്കറ്റും വീണു.

പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ തേരോട്ടമായിരുന്നു കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഹാസിനി പെരേര പിടിച്ചുനിന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 18.2 ഓവറില്‍ 109 റണ്‍സിന് ലങ്കയുടെ അവസാന വിക്കറ്റും വീഴുകയായിരുന്നു.

ഇന്ത്യക്കായി ദയാലന്‍ ഹേമലത മൂന്നും പൂജ വസ്ത്രാര്‍ക്കര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രാധ യാദവ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് പേര്‍ റണ്‍ ഔട്ടായി.

ഇന്ത്യക്കനുകൂലമായി മത്സരം തിരിച്ച ജെമിയ റോഡ്രിഗസാണ് കളിയിലെ താരം.

ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയുടെ അടുത്ത മത്സരം. മലേഷ്യയാണ് എതിരാളികള്‍.

Content highlight: India women start Asia Cup campaign with a win over Sri Lanka

Latest Stories

We use cookies to give you the best possible experience. Learn more