വാഷിങ്ടൺ: ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും പകരം വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായതായി അദ്ദേഹം ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ പോകുകയാണ്. ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരമായിരിക്കും ഇത്. ഇതുസംബന്ധിച്ച കരാറിന്റെ അടിസ്ഥാന കാര്യങ്ങളിൽ ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു,’ ട്രംപ് വ്യക്തമാക്കി.
റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാദം. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം.
റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകൾ തടയാൻ ആഗോളതലത്തിൽ അമേരിക്ക സമ്മർദ്ദം ചിലുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകാനാണ് അമേരിക്കയുടെ തീരുമാനം.