വിന്‍ഡീസിലേക്ക് ധോനിക്ക് പകരം പന്ത് തന്നെ; ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തി, പരിക്കില്‍ നിന്ന് ധവാനും; ബുംറയ്ക്ക് വിശ്രമം
Cricket
വിന്‍ഡീസിലേക്ക് ധോനിക്ക് പകരം പന്ത് തന്നെ; ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തി, പരിക്കില്‍ നിന്ന് ധവാനും; ബുംറയ്ക്ക് വിശ്രമം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st July 2019, 3:10 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്വയം ഒഴിവായ മഹേന്ദ്ര സിങ് ധോനിക്കു പകരം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ഇടം പിടിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളിലും ഇന്നുതന്നെ ടീമുകളെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് ഫോര്‍മാറ്റിലും പന്ത് സ്ഥാനം പിടിച്ചപ്പോള്‍ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയെക്കൂടി ഉള്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് സാഹ അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.

അതേസമയം ഏകദിന, ട്വന്റി20 പരമ്പരകളില്‍നിന്ന് ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കി. എന്നാല്‍ ബുംറയെ ടെസ്റ്റ് പരമ്പരയില്‍ നിലനിര്‍ത്തി. ടെസ്റ്റില്‍ ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവരും കളിക്കും. ഹാര്‍ദിക്കിന്റെ സഹോദരന്‍ ക്രുണാള്‍ പാണ്ഡ്യയെ ട്വന്റി20 പരമ്പരയില്‍ ഉള്‍പ്പെടുത്തി.

ടെസ്റ്റ് പരമ്പരയില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാരായെത്തുക.

വിരാട് കോഹ്‌ലി തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍. നേരത്തേ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ കോഹ്‌ലി കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ലോകകപ്പില്‍ പരിക്കേറ്റ് പുറത്തുപോയ ശിഖര്‍ ധവാന്‍ ഏകദിന ട്വന്റി20 ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ പരിക്കേറ്റ മറ്റൊരു താരമായ വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയില്ല.

ഓഗസ്റ്റ് മൂന്നിന് മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും പര്യടനത്തിലുണ്ട്. ഇത് എട്ടിന് തുടങ്ങി 30-നാണ് അവസാനിക്കുക. ഈ രണ്ട് ടെസ്റ്റുകളും ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്റെ ഭാഗമാകും.

ലോകകപ്പില്‍ സെമിയില്‍ പുറത്തായ ഇന്ത്യയുടെ അതിനുശേഷമുള്ള ആദ്യ പര്യടനം കോച്ച് രവി ശാസ്ത്രിക്കു വെല്ലുവിളിയാകും. ശാസ്ത്രിയുടെ ഭാവി തീരുമാനിക്കുന്നത് ഈ പര്യടനമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്

ഏകദിന ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്‌നി

ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ക്രുണാള്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി