| Thursday, 11th September 2025, 1:23 pm

ഇങ്ങനെ നാല് പേര്‍ മാത്രം; അഭിഷേക് ഇനി സഞ്ജുവിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ തങ്ങളുടെ ഏഷ്യാ കപ്പ് പ്രയാണത്തിന് തുടക്കമിട്ടത്. ഒമ്പത് വിക്കറ്റിന്റെ വിജയമാണ് കഴിഞ്ഞ ദിവസം ടീം യു.എ.ഇക്കെതിരെ സ്വന്തമാക്കിയത്. 93 പന്തുകള്‍ ബാക്കി നില്‍ക്കയെയായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. ഏറെ നാളുകള്‍ക്ക് ശേഷം നീല കുപ്പായത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ കുല്‍ദീപ് യാദവിന്റെ മിന്നും പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ബാറ്റിങ് നിര സ്പിന്നറുടെ നാല് വിക്കറ്റ് പ്രകടനത്തില്‍ നിലം പതിക്കുകയായിരുന്നു. 13.1 ഓവറില്‍ ആതിഥേയര്‍ 57 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ്.

ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ടത് യുവതാരം അഭിഷേക് ശര്‍മയായിരുന്നു. ഹൈദര്‍ അലി എറിഞ്ഞ ഒന്നാം പന്തില്‍ ബൗണ്ടറി നേടിയാണ് താരം ഇന്ത്യയുടെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഇടം കൈയ്യന്‍ ബാറ്റര്‍ ആദ്യ പന്തില്‍ സിക്‌സ് നേടിയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.

ഇതോടെ അഭിഷേക് ഒരു എലീറ്റ് പട്ടികയുടെ ഭാഗമാവുകയും ചെയ്തു. ഒരു അന്താരാഷ്ട്ര ടി – 20 മത്സരത്തില്‍ ഒരു ഇന്നിങ്‌സിലെ ആദ്യ പന്ത് സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് താരം ഇടം നേടിയത്. ഇതിന് മുമ്പ് മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇങ്ങനെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഏകദിന നായകന്‍ രോഹിത് ശര്‍മ, യുവതാരം യശസ്വി ജെയ്സ്വാള്‍, മലയാളി താരം സഞ്ജു സാംസണ്‍, എന്നിവരാണ് മുമ്പ് ആദ്യ പന്തില്‍ സിക്‌സ് അടിച്ചവര്‍.

ആദ്യ പന്തിലെ സിക്‌സിന് പുറമെ അഭിഷേക് രണ്ട് സിക്സും രണ്ട് ഫോറും നേടിയാണ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സ് നേടി താരം ഇന്ത്യയുടെ ടോപ് സ്‌കോററായി. മെന്‍ ഇന്‍ ബ്ലൂവിനെ വിജയത്തോട് അടുപ്പിച്ചാണ് താരം തിരികെ നടന്നത്.

താരത്തിന് പുറമെ, ഗില്‍ ഒമ്പത് പന്തുകള്‍ നേരിട്ട് പുറത്താകാതെ 20 റണ്‍സ് നേടി. ഒരു സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവും പുറത്താകാതെ ഏഴ് റണ്‍സ് സ്വന്തമാക്കി.

ബൗളിങ്ങില്‍ കുല്‍ദീപ് യാദവിനൊപ്പം ശിവം ദുബൈയും കരുത്ത് തെളിയിച്ചു. കുല്‍ദീപ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദുബൈ നാല് റണ്‍സിന് മൂന്ന് വിക്കറ്റും പിഴുതു. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: India vs UAE: Abhishek Sharma became fourth Indian batter to hit six in first ball of an Innings in T20I after Sanju Samson

We use cookies to give you the best possible experience. Learn more