ബ്ലോക്ക്ബസ്റ്റര്‍ ക്ലാഷില്‍ മഴ കളി മുടക്കുമോ? ആവേശത്തില്‍ വാംഖഡെയും
2023 ICC WORLD CUP
ബ്ലോക്ക്ബസ്റ്റര്‍ ക്ലാഷില്‍ മഴ കളി മുടക്കുമോ? ആവേശത്തില്‍ വാംഖഡെയും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st November 2023, 6:57 pm

2023 ലോകകപ്പിലെ 32ാം മത്സരത്തില്‍ ഇന്ത്യയും ശ്രീലങ്കയും വാംഖഡെയില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. നിലവില്‍ ആറു മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ലങ്ക ആറ് മത്സരങ്ങളില്‍ രണ്ട് വിജയവുമായി ഏഴാം സ്ഥാനത്തും.

2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇതേ സ്‌റ്റേഡിയത്തില്‍ മഹേന്ദ്ര സിങ് ധോണിയും സംഘവും ലങ്കയെ തറപറ്റിച്ചാണ് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഈ ലോകകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാലെ ആദ്യ നാലില്‍ ഇടം നേടാനുള്ള സാധ്യതകള്‍ ലങ്കയ്ക്ക് നിലനിര്‍ത്താന്‍ കഴിയു.

ഇപ്പോള്‍ മത്സരത്തിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മത്സരത്തില്‍ മഴയുണ്ടാകില്ല എന്നാണ് നിലവിലെ സ്ഥിരീകരണം. മുംബൈയിലെ കാലാവസ്ഥ പ്രവചന പ്രകാരം പകല്‍ സമയത്ത് 33 ഡിഗ്രി ഉയര്‍ന്ന താപനിലയും രാത്രി 18 ഡിഗ്രി കുറഞ്ഞ താപനിലയുമാണ് രേഖപ്പെടുത്തിയത്. പകലും രാത്രിയും മേഘാവൃതമായ ആകാശവുമായിരിക്കും. എന്നാല്‍ മഴ പെയ്യാനുള്ള സാധ്യതയുമില്ല.

ലങ്ക കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയോടുള്ള മത്സരം ലങ്കയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യന്‍ നിരയിലെ ബാറ്റര്‍മാരും ബൗളര്‍മാരും മിന്നും ഫോമിലാണെന്നത് ലങ്കയ്ക്ക് ഏറെ വെല്ലുവിളിയുയര്‍ത്തും.

രോഹിത് മുതല്‍ സൂര്യകുമാര്‍ യാദവ് വരെയുള്ള മധ്യനിരയെ തകര്‍ക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ പ്രയാസപ്പെടും. അതേ സ്ഥാനത്ത് ഇന്ത്യന്‍ ബൗളര്‍മാരായ മുഹമ്മദ് ഷമിയും ജസ്പ്രിത് ബുംറയും മികച്ച ഫോം തുടരുന്നുണ്ട്.

തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്. 2023 ലോകകപ്പില്‍ ആദ്യമായി ഇരുവരും ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

Content Highlight: India vs Sri Lanka Weather Report