ഏഷ്യന്‍ ചാമ്പ്യന്‍മാരെ തടഞ്ഞ് ഗുര്‍പ്രീത് സന്ധു; ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളച്ചു
2022 FIFA World Cup qualification - AFC
ഏഷ്യന്‍ ചാമ്പ്യന്‍മാരെ തടഞ്ഞ് ഗുര്‍പ്രീത് സന്ധു; ഖത്തറിനെ ഇന്ത്യ സമനിലയില്‍ തളച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2019, 12:04 am

ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ സമനിലയില്‍ തളച്ച് ഇന്ത്യ. നായകന്‍ സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യയുടെ രക്ഷകനായത് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ്. ഖത്തറിന്റെ അര ഡസനിലധികം ഷോട്ടുകളാണ് സന്ധു തടുത്തിട്ടത്.

മത്സരത്തില്‍ 26 ഷോട്ടുകളാണ് ഖത്തര്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെ ഉതിര്‍ത്തത്. മത്സരത്തില്‍ ഖത്തറിനായിരുന്നു മേല്‍ക്കൈയെങ്കിലും വിജയതുല്ല്യമായ സമനിലയാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഛേത്രിയ്ക്ക് പകരം മത്സരത്തില്‍ ഗുര്‍പ്രീത് തന്നെയാണ് ഇന്ത്യയെ നയിച്ചത്. ആദ്യ മത്സരത്തിലെ ഒമാനോടേറ്റ തോല്‍വിക്ക് പിന്നാലെയാണ് കരുത്തരായ ഖത്തറിനെ ഇന്ത്യ സമനിലയില്‍ പിടിച്ചിരിക്കുന്നത്. ഖത്തറാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ അര ഡസന്‍ ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ഗ്രൗണ്ടിലിറങ്ങിയത്.