നാണംകെട്ട റെക്കോഡില്‍ ജെയ്‌സ്വാള്‍; പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണികിട്ടും!
Sports News
നാണംകെട്ട റെക്കോഡില്‍ ജെയ്‌സ്വാള്‍; പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് എട്ടിന്റെ പണികിട്ടും!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 9:38 am

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

അതേസമയം ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യ ഫീല്‍ഡില്‍ കാഴ്ചവെച്ചത്. ആറ് ക്യാച്ചുകളാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. സ്ലിപ്പിലും ഗള്ളിയിലും ഫീല്‍ഡ് ചെയ്ത യശസ്വി ജെയ്‌സ്വാളാണ് അതില്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്. സങ്കടമെന്താണെന്നാല്‍ ഫൈഫര്‍ നേടിയ ബുംറയുടെ പന്തിലായിരുന്നു ജെയ്‌സ്വാള്‍ മൂന്ന് ക്യാച്ചുകളും വിട്ടുകളഞ്ഞത്.

ഇതോടെ ഒരു മോശം റെക്കോഡും ജെയ്‌സ്വാളിനെ തേടിയെത്തിയിരിക്കുകയാണ് ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങില്‍ 15 റണ്‍സെടുത്ത് നില്‍ക്കവെ ബെന്‍ ഡക്കറ്റിന്റെ ക്യാച്ചാണ് ജെയ്‌സ്വാള്‍ ആദ്യം താഴെയിട്ടത്. ഇതോടെ 62 റണ്‍സ് നേടിയാണ് ഡക്കറ്റ് കളം വിട്ടത്.

60 റണ്‍സില്‍ ഒല്ലി പോപ്പിന്റെ ക്യാച്ചും ജെയ്‌സ്വാള്‍ നഷ്ടപ്പെടുത്തി. ശേഷം106 റണ്‍സ് നേടിയാണ് പോപ്പ് മടങ്ങിയത്. ഹാരി ബ്രൂക്ക് 83 റണ്‍സെടുത്ത് നില്‍ക്കവെയും ജെയ്‌സ്വാള്‍ മോശം പ്രകടനം തുടര്‍ന്ന്. 99 റണ്‍സിലാണ് പിന്നീട് ബ്രൂക്ക് പുറത്തായത്. മാത്രമല്ല 2019ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ചിലധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത്. ജെയ്‌സ്വാളിന് പുറമെ റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.

മാത്രമല്ല 2019ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ചിലധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത്. ജെയ്‌സ്വാളിന് പുറമെ റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.

Content Highlight: India VS England: Yashasvi Jaiswal In Unwanted Record Achievement