സച്ചിന്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ജെയ്‌സ്വാളിന്റെ മാസ് എന്‍ട്രി; തൂക്കിയടിച്ചത് സെഞ്ച്വറി റെക്കോഡ്!
Sports News
സച്ചിന്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ജെയ്‌സ്വാളിന്റെ മാസ് എന്‍ട്രി; തൂക്കിയടിച്ചത് സെഞ്ച്വറി റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 9:08 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്. 158 പന്തില്‍ നിന്ന് ഒരു സിക്‌സും 16 ഫോറും ഉള്‍പ്പടെ 101 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം. ജെയ്‌സ്വാള്‍ നേരിട്ട 144ാം പന്തിലാണ് ജെയ്‌സ്വാള്‍ ടെസ്റ്റില്‍ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും ജെയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്. 23ാം വയസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. വെറും 37 ഇന്നിങ്‌സില്‍ നിന്നാണ് താരം ഈ റെക്കോഡ് സ്വന്തമാക്കുന്നത്.

23ാം വയസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരം, എണ്ണം, ഇന്നിങ്‌സ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 11 – 80

യശസ്വി ജെയ്‌സ്വാള്‍ – 5 – 37

രവി ശാസ്ത്രി – 5 – 61

ദിലീപ് വെങ്ക്‌സര്‍ക്കാര്‍ – 5 – 59

അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 88 പന്തില്‍ നിന്ന് 67 നേടിയിട്ടുണ്ട്. നിലവില്‍ ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്ന റിഷബ് പന്ത് 12 പന്തില്‍ നിന്ന് ആറ് റണ്‍സും നേടി ക്രീസിലുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇന്ത്യ 91 റണ്‍സ് നേടിയരിക്കെ മികച്ച ഫോമിലായിരുന്ന രാഹുല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

രാഹുലിന്റെ വിക്കറ്റിന് ശേഷം കളത്തിലിറങ്ങിയ അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍.

Content Highlight: India VS England: Yashasvi Jaiswal In Great Record Achievement In Test Cricket