സെവാഗിനേയും പന്തിനേയും തകര്‍ത്ത് ജെയ്‌സ്വാള്‍; ഇതിഹാസത്തിനൊപ്പമെത്താന്‍ വേണ്ടത്...!
Sports News
സെവാഗിനേയും പന്തിനേയും തകര്‍ത്ത് ജെയ്‌സ്വാള്‍; ഇതിഹാസത്തിനൊപ്പമെത്താന്‍ വേണ്ടത്...!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 11:33 am

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്.

ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജെയ്‌സ്വാള്‍ സെഞ്ച്വറി നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. 159 പന്തില്‍ നിന്ന് 101 റണ്‍സാണ് താരം നേടിയത്. ഇതോടെ 23ാം വയസില്‍ അഞ്ചാം സെഞ്ച്വറിയും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. അതില്‍ 4 സെഞ്ച്വറിയും താരം 23ാം വയസിലാണ് നേടിയത്. ഇതോടെ ഒരു മിന്നും നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി 23ാം വയസില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാന്‍ വെറും ഇനി ഒരു സെഞ്ച്വറിയാണ് ജെയ്‌സ്വാളിന് വേണ്ടത്. മുന്‍ താരം വിരേന്ദര്‍ സെവാഗിനേയും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിനേയും മറികടക്കാന്‍ ജെയ്‌സ്വാളിന് സാധിച്ചിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 23ാം വയസില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5

യശസ്വി ജെയ്‌സ്വാള്‍ – 4

വിരേന്ദര്‍ സെവാഗ് – 3

റിഷബ് പന്ത് – 3

ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ വരാനിരിക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. രോഹിത് ശര്‍മയുടെയേും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലിന് വിജയത്തോടെ തുടങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രതീക്ഷയുമായാണ് കളത്തിലിറങ്ങുക.ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവന്‍ ജൂലൈ രണ്ടിന് പുറത്ത് വിടും.

Content Highlight: India VS England: Yashasvi Jaiswal In Great Record Achievement In Test Cricket