ഇടിമിന്നലായി രാഹുല്‍ കൊടുങ്കാറ്റായി ജെയ്‌സ്വാള്‍; തിരുത്തിയത് 39 വര്‍ഷ ചരിത്രം!
Sports News
ഇടിമിന്നലായി രാഹുല്‍ കൊടുങ്കാറ്റായി ജെയ്‌സ്വാള്‍; തിരുത്തിയത് 39 വര്‍ഷ ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 6:55 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ഇന്ത്യ 91 റണ്‍സ് നേടിയരിക്കെ മികച്ച ഫോമിലായിരുന്ന രാഹുല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

ഇതോടെ 39 വര്‍ഷം പഴക്കമുള്ള വമ്പന്‍ റെക്കോഡ് തകര്‍ക്കാനും ഓപ്പണര്‍മാരായ രാഹുലിനും ജെയ്‌സ്വാളിനും സാധിച്ചിരിക്കുകയാണ്. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്.

ഹെഡിങ്‌ലിയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്

കെ.എല്‍. രാഹുല്‍ & യശസ്വി ജയ്സ്വാള്‍ – 91 – 2025*

സുനില്‍ ഗവാസ്‌കര്‍ & ക്രിസ് ശ്രീകാന്ത് – 64 – 1986

ഫറോഖ് എഞ്ചിനീയര്‍ & രമേഷ് സക്‌സേന – 39 – 1967

രോഹിത് ശര്‍മ & കെ.എല്‍. രാഹുല്‍ – 34 – 2021

ദത്ത ഗെയ്ക്വാദ് & പങ്കജ് റോയ് – 18 – 1952

രാഹുലിന്റെ വിക്കറ്റിന് ശേഷം കളത്തിലിറങ്ങിയ അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായി. നിലവില്‍ ക്രീസിലുള്ളത് യശസ്വി ജെയ്‌സ്വാളും (87 പന്തില്‍ 45) ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് (18 പന്തില്‍ 13).

ഇതോടെ ക്യാപ്റ്റനായി ചുമതലയേറ്റ ശുഭ്മന്‍ ഗില്ലിനെ സംബന്ധിച്ച് ഈ പര്യടനം ഏറെ നിര്‍ണായകവുമാണ്. ഇംഗ്ലണ്ടില്‍ മികച്ച ട്രാക്ക് റെക്കോഡില്ലാത്ത ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമാകും ഗില്ലിന് മുമ്പിലുണ്ടാവുക.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍.

Content Highlight: India VS England: Yashasvi Jaiswal And K.L Rahul In Great Record Achievement In Test Cricket In England