ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി. ജൂലൈ രണ്ടിന് ബുധനാഴ്ച എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ഇതോടെ ഇരു ടീമുകളും വലിയ തയ്യാറെടുപ്പിലാണ്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത താരമാണ് കരുണ്‍ നായര്‍. എട്ട് വര്‍ഷത്തിന് ശേഷമാണ് താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ആറാമനായി ഇറങ്ങിയ കരുണ്‍ നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ 54 പന്തില്‍ നിന്ന് 20 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
ലോവര്‍ ഓര്‍ഡറിലെ പ്രധാന താരമായിട്ടും കരുണിന്റെ മോശം പ്രകടനം ഇന്ത്യക്ക് വലിയ തരിച്ചടിയാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ കരുണിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളര്‍ വരുണ്‍ ആരോണ്‍. എഡ്ജ്ബാസ്റ്റണില്‍ നടന്ന കൗണ്ടി ക്രിക്കറ്റില്‍ റണ്‍സ് നേടിയതിനാല്‍ വരാനിരിക്കുന്ന ടെസ്റ്റില്‍ കരുണ്‍ നായര്‍ വളരെ പ്രധാനപ്പെട്ട ഒരു ബാറ്ററായിരിക്കുമെന്നാണ് ആരോണ്‍ പറഞ്ഞത്.
മാത്രമല്ല കരുണിന് മത്സരം വളരെ പ്രധാനപ്പെട്ടതാണെന്നും ആദ്യ മത്സരത്തില്‍ റണ്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ സമ്മര്‍ദമുണ്ടാകുമെന്നും മുന്‍ ബൗളര്‍ പറഞ്ഞു. കൂടാതെ താരത്തിന്റെ അവസാന അവസരമായിരിക്കുമിതെന്നും ആരോണ്‍ കൂട്ടിച്ചേര്‍ത്തു.
‘എഡ്ജ്ബാസ്റ്റണില്‍ നടന്ന കൗണ്ടി ക്രിക്കറ്റില്‍ റണ്‍സ് നേടിയതിനാല്‍ കരുണ്‍ നായര്‍ അവിടെ വളരെ പ്രധാനപ്പെട്ട ഒരു ബാറ്ററായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. എഡ്ജ്ബാസ്റ്റണ്‍ കൗണ്ടിയില്‍ മുമ്പ് കളിച്ചതിന്റെ ആത്മവിശ്വാസം കരുണിന് ഉണ്ടാകും.
എന്റെ അഭിപ്രായത്തില്‍ കരുണിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ്. ആദ്യ മത്സരത്തില്‍ അദ്ദേഹം റണ്‍സ് നേടിയില്ല. എട്ട് വര്‍ഷത്തിന് ശേഷം തന്റെ സ്ഥാനം തിരിച്ചുപിടിച്ചതിനാല്‍ കരുണ്‍ തീര്‍ച്ചയായും സമ്മര്‍ദത്തിലായിരിക്കും. ഒരുപക്ഷേ ഇത് അവന്റെ അവസാന അവസരമായിരിക്കും,’ വരുണ്‍ ആരോണ്‍ പറഞ്ഞു.
Content Highlight: India VS England: Varun Aaron Talking About Karun Nair