ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.
ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് മാഞ്ചസ്റ്ററില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.
കെ.എല്‍. രാഹുല്‍ (98 പന്തില്‍ 46), യശസ്വി ജെയ്‌സ്വാള്‍ (107 പന്തില്‍ 58), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (23 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രാഹുലിനെ ക്രിസ് വോക്‌സും ജെയ്‌സ്വാളിനെ ലിയാം ഡോവ്‌സണും പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇന്ത്യന്‍ നായകനെ മടക്കിയത്.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ് ക്രീസിലെത്തിയത്. സായ് സുദര്‍ശനൊപ്പം ഇന്നിങ്സ് കെട്ടിപ്പടുക്കവെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കാല്‍വിരലില്‍ പന്തടിച്ചുകൊണ്ടാണ് പന്ത് മടങ്ങിയത്. 48 പന്തില്‍ 37 റണ്‍സുമായി മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെയായിരുന്നു പന്തിന്റെ നിര്‍ഭാഗ്യകരമായ പുറത്താകല്‍.

ഇപ്പോള്‍ പന്തിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ലാണ് പന്തെന്ന് റെയ്‌ന പറഞ്ഞു. വിക്കറ്റിന് പിന്നില്‍ നിന്ന് ടീമിന് ഊര്‍ജ്ജം നല്‍കാനും ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കാനും പന്തിന് സാധിക്കുമെന്നും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ദൈര്‍ഘ്യമേറിയ സ്പെല്ലുകളെറിയുമ്പോള്‍ വിക്കറ്റിനുപിന്നില്‍ റിഷബിന്റെ സഹായം മികച്ചതാണെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് റിഷബ് പന്താണ്. വിക്കറ്റുകള്‍ക്ക് പിന്നില്‍ നിന്നും ഊര്‍ജ്ജം നല്‍കുകയും എതിര്‍ ടീം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന താരമാണവന്‍. പ്രത്യേകിച്ചും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറുമെല്ലാം ദൈര്‍ഘ്യമേറിയ സ്പെല്ലുകളെറിയുമ്പോള്‍ വിക്കറ്റിനുപിന്നില്‍ റിഷബിന്റെ സഹായം എടുത്തു പറയേണ്ടതാണ്,’ സുരേഷ് റെയ്‌ന പറഞ്ഞു.
Content Highlight: India VS England: Suresh Raina Praises Rishabh Pant