അവന് ഉത്കണ്ഠയും പേടിയുമുണ്ടായിരുന്നു; യുവ താരത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍
Sports News
അവന് ഉത്കണ്ഠയും പേടിയുമുണ്ടായിരുന്നു; യുവ താരത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 9:58 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ്. ഹീഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ശുഭ്മന്‍ ഗില്ലുമാണ്. 158 പന്തില്‍ നിന്ന് ഒരു സിക്‌സും 16 ഫോറും ഉള്‍പ്പടെ 101 റണ്‍സാണ് നേടിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം. അതേസമയം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 127 പന്തില്‍ നിന്ന് 90 നേടിയിട്ടുണ്ട്. നിലവില്‍ ഗില്ലിനൊപ്പം ബാറ്റ് ചെയ്യുന്ന റിഷബ് പന്ത് 47 പന്തില്‍ നിന്ന് 20 റണ്‍സും നേടി ക്രീസിലുണ്ട്.

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ സായി സുദര്‍ശന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തുന്ന പ്രകടനവുമായാണ് പുറത്തായത്. വെറും നാല് പന്തുകള്‍ കളിച്ച് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിക്കുന്നതിനിടയില്‍ സൈഡ് എഡ്ജായി കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കയ്യിലാകുകയായിരുന്നു സായി. തന്റെ ആദ്യ ടെസ്റ്റില്‍ തന്നെ ഡക്കായെങ്കിലും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര താരത്തിന് പിന്തുണ നല്‍കിയിരുന്നു.

ഇപ്പോള്‍ സായ് സുദര്‍ശനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സായിക്ക് തന്റെ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഉത്കണ്ഠയും പേടിയുമുണ്ടായിരുന്നെന്നും ഐ.പി.എല്ലിലെ ഫോം തുടരാന്‍ താരം ആഗ്രഹിച്ചുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല സായ് മികച്ച കളിക്കാരനാണെന്നും ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടതിന് താരത്തെ പുറത്താക്കുകയൊന്നുമില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അവന് ഉത്കണ്ഠയും പേടിയുമുണ്ടായിരുന്നു, അത് മനസിലാക്കാവുന്നതേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മികച്ച ഐ.പി.എല്‍ ഫോം തുടരാന്‍ സായ് സുദര്‍ശന്‍ ആഗ്രഹിച്ചു. അവന്‍ മികച്ച കളിക്കാരനാണ്, ഇക്കാലത്ത് ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടതിന് ശേഷം നിങ്ങളെ പുറത്താക്കുകയൊന്നുമില്ല,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. എന്നാല്‍ ബ്രൈഡന്‍ കാഴ്‌സ് ഓഫ് സൈഡില്‍ എറിഞ്ഞ പന്തില്‍ രാഹുല്‍ സൈഡ് എഡ്ജായി സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന് ക്യാച്ച് നല്‍കി പുറത്തായിരുന്നു. 78 പന്തില്‍ നിന്ന് എട്ട് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

Content Highlight: India VS England: Sunil Gavaskar Talking About Sai Sudharsan