സിറാജിനെയും ആകാശിനെയും റിസര്‍വ് വിക്കറ്റുകളിലേക്ക് തരംതാഴ്ത്താന്‍ കഴിയില്ല; പ്രശംസയുമായി ഗവാസ്‌കര്‍
Cricket
സിറാജിനെയും ആകാശിനെയും റിസര്‍വ് വിക്കറ്റുകളിലേക്ക് തരംതാഴ്ത്താന്‍ കഴിയില്ല; പ്രശംസയുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th July 2025, 7:23 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു. നിലവില്‍ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യയ്ക്കായി.

സ്‌കോര്‍

ഇന്ത്യ: 587 & 427/6D

ഇംഗ്ലണ്ട്: 407 & 271 – ടാര്‍ഗറ്റ്: 608

രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകളാണ് ആകാശ് ദീപ് നേടിയത്. മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റും താരം നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ സിറാജ് ആറ് വിക്കറ്റുകള്‍ നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാം ടെസ്റ്റില്‍ താരം ഫോമിലെത്തിയത് ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നു.

ഇപ്പോള്‍ ആകാശ് ദീപിനേയും സിറാജിനേയും പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. മികച്ച പ്രകടനമാണ് ഇരുവരും നടത്തിയതെന്നും ഫോം മങ്ങിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം കുല്‍ദീപ് യാദവിനേയും ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘സിറാജിനെയും ആകാശിനെയും റിസര്‍വ് വിക്കറ്റുകളിലേക്ക് തരംതാഴ്ത്താന്‍ കഴിയില്ല. അവര്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ ബുംറയ്ക്ക് വഴിയൊരുക്കും. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു, സിറാജ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധാരാളം റണ്‍സ് വിട്ടുകൊടുത്തു, പക്ഷെ അവന്‍ മാറി. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണം. അത് ഇന്ത്യയ്ക്ക് മറ്റൊരു ബൗളിങ് ഓപ്ഷന്‍ നല്‍കും,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: India VS England: Sunil Gavaskar Talking About Mohammad Siraj And Akash Deep