ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ സന്ദര്‍ശകര്‍ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.
അനായാസം വിജയിക്കാന്‍ സാധിക്കുന്ന മത്സരമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടാത്തതും 60 റണ്‍സിന്റെ പോലും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സാധിക്കാത്തതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല ജഡേജ ബുംറയുമുള്ള കൂട്ടുകെട്ടില്‍ സിംഗിള്‍സിനുള്ള അവസരം മുതലെടുക്കണമായിരുന്നെന്നും എന്നാല്‍ താരത്തെ വിമര്‍ശിക്കാന്‍ സാധിക്കില്ലെന്നും മുന്‍ താരം പറഞ്ഞു.
‘ഇന്ത്യക്ക് മികച്ച ഒരു പാര്‍ടണര്‍ഷിപ്പ് ലഭിച്ചിട്ടില്ല. 60 റണ്‍സിന്റെ കൂട്ടുകെട്ട് പോലും നേടാനായില്ല. അത് നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കളി അവസാനിക്കുമായിരുന്നു. ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ല. അത് 22 റണ്‍സിന്റെ തോല്‍വിയില്‍ കലാശിച്ചു.
ജഡേജക്ക് കുറച്ചുകൂടി അവസരങ്ങള്‍ എടുക്കാമായിരുന്നു. ജസ്പ്രീത് ബുംറ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം സിംഗിള്‍സ് നിരസിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം. പക്ഷെ, ജഡേജയെ ഒരിക്കലും വിമര്‍ശിക്കാന്‍ കഴിയില്ല. കളി ജയിക്കാന്‍ വേണ്ടി ചെയ്യേണ്ടതെല്ലാം അവന്‍ ചെയ്തു,’ സുനില്‍ ഗവാസ്‌കര്‍ സോണി സ്‌പോര്‍ട്‌സില്‍ പറഞ്ഞു.