ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് നേടിയത്.
ആദ്യ ഇന്നിങ്‌സിലെ പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ബൗളിങ് യൂണിറ്റില്‍ അര്‍ഷ്ദീപ് സിങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം ആകാശ് ദീപാണ് ഇലവനില്‍ ഇടം പിടിച്ചത്. ബൗളിങ് യൂണിറ്റില്‍ ഇന്ത്യന്‍ അര്‍ഷ്ദീപിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്ന അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
‘ഇടംകയ്യനായ അര്‍ഷ്ദീപ് സിങ്ങിന് ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ഒരു ബൗളര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് എല്ലാമുണ്ട്. അവന് രണ്ട് ദിശകളിലും സ്വിങ് ചെയ്യിച്ച് പന്തെറിയാന്‍ കഴിയും. യോര്‍ക്കറും ബൗണ്‍സറും എങ്ങനെ ഫലപ്രദമായി ഉപയാഗിക്കാമെന്നും അവന് അറിയാം. അര്‍ഷ്ദീപ് മുമ്പ് ഇവിടെ പന്തെറിഞ്ഞിട്ടുണ്ട്,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാത്ത അര്‍ഷ്ദീപ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 21 മത്സരങ്ങള്‍ കളിച്ച് 66 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 33 മത്സരങ്ങള്‍ കളിച്ച താരം 55 വിക്കറ്റും നേടി.