അവനെ ഇരുമ്പും ഉരുക്കും കൊണ്ട് ഉണ്ടാക്കിയതാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ഗവാസ്‌കര്‍
Sports News
അവനെ ഇരുമ്പും ഉരുക്കും കൊണ്ട് ഉണ്ടാക്കിയതാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd July 2025, 10:01 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ 583 റണ്‍സിന് ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. ഇരട്ട സെഞ്ച്വറി നേടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. നേരിട്ട 311 പന്തില്‍ നിന്നാണ് ക്യാപ്റ്റന്‍ തന്റെ റെഡ് ബോള്‍ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്. മാത്രമല്ല കളം വിടുമ്പോള്‍ 387 പന്തില്‍ നിന്ന് 30 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 269 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്.

ഇംഗ്ലണ്ട് ടെസ്റ്റില്‍ ഇരട്ട സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്‍. ഇപ്പോള്‍ ഗില്ലിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഗില്ലിനെ ഇരുമ്പും ഉരുക്കും കൊണ്ട് ഉണ്ടാക്കിയതാണെന്നും ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു. 2002ല്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇംഗ്ലണ്ടില്‍ മുമ്പ് ഇരട്ട സെഞ്ച്വറി നേടിയ താരം, എന്നാല്‍ മറ്റൊരു ഇരട്ട സെഞ്ച്വറി കാണാന്‍ ഇനി 23 വര്‍ഷം വേണ്ടി വരില്ലെന്നും ജെയ്‌സ്വാളിന് അതിനുള്ള കഴിവുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

‘ഗില്ലിനെ ഇരുമ്പും ഉരുക്കും കൊണ്ട് ഉണ്ടാക്കിയതാണ്. ആദ്യ ടെസ്റ്റ് തോറ്റതിന് ശേഷം അദ്ദേഹവും സഹതാരങ്ങളും സമ്മര്‍ദത്തിലായിരുന്നു. ഈ മത്സരത്തില്‍ ഗില്‍ മുന്നില്‍ നിന്ന് നയിച്ചു. ഇരട്ട സെഞ്ച്വറി നേടിയതിന് ഗില്‍ സന്തുഷ്ടനാണ് അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യയെ നല്ല നിലയില്‍ എത്തിച്ചു. ഇംഗ്ലണ്ടില്‍ മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍ ഇരട്ട സെഞ്ച്വറി നേടുന്നത് കാണാന്‍ നമുക്കിനി 23 വര്‍ഷമാണ് കാത്തിരിക്കേണ്ടിവരില്ല.

നിലവിലെ ടീമില്‍ ധാരാളം ആവേശകരമായ ബാറ്റര്‍മാരുണ്ട്. യശസ്വി ജെയ്സ്വാള്‍ അവരില്‍ ഒരാളാണ്. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം ഇരട്ട സെഞ്ച്വറി നേടി. ഇംഗ്ലണ്ടില്‍ അത് ചെയ്യാനുള്ള കഴിവ് അവനുണ്ട്. ആദ്യ ടെസ്റ്റില്‍ അദ്ദേഹം ഒരു സെഞ്ച്വറി നേടി, ഈ മത്സരത്തില്‍ 87 റണ്‍സ് കൂടി നേടി,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: India VS England: Sunil Gavaskar Praises Indian Test Captain Shubhman Gill