അവന്റെ റെക്കോഡ് കണ്ടാല്‍ എല്ലാം മനസിലാകും; പ്രശംസയുമായി ഗവാസ്‌കറും പൂജാരയും
Sports News
അവന്റെ റെക്കോഡ് കണ്ടാല്‍ എല്ലാം മനസിലാകും; പ്രശംസയുമായി ഗവാസ്‌കറും പൂജാരയും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd June 2025, 12:15 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സാണ് ഇന്ത്യ എടുത്തിട്ടുള്ളത്. നിലവില്‍ 75 പന്തില്‍ 47 റണ്‍സെടുത്ത കെ.എല്‍. രാഹുലും 10 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 471 റണ്‍സാണ് നേടിയത്. തുടര്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 465ല്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫൈഫര്‍ നേടിയാണ് സ്റ്റാര്‍ പേസര്‍ ബുംറ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

ഇന്നിങ്‌സിന് ശേഷമുള്ള ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും ബുംറയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുടെ പ്രധാന താരമായ ജസ്പ്രീത് ബുംറയെ ഇന്ത്യ മികച്ച രീതിയില്‍ പരിചരിക്കേണ്ടിവരുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

‘ബുംറ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ ഇന്ത്യ അവനെ നന്നായി പരിചരിക്കണം. ഇംഗ്ലണ്ടില്‍ അദ്ദേഹം എത്ര ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്ന് എനിക്കറിയില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ചേതേശ്വര്‍ പൂജാര ബുംറയെ ഒരു കംപ്ലീറ്റ് ബൗളര്‍ എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ബുംറയെന്നും അദ്ദേഹം പറഞ്ഞു.

‘ജസ്പ്രീത് ബുംറ ഒരു കംപ്ലീറ്റ് ബൗളറാണ്. എല്ലാ ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. അവന്റെ റെക്കോഡുകള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്നു, പക്ഷേ നമ്പറുകള്‍ക്ക് പുറമേ ബുംറയുടെ സ്വാധീനവും അത്ഭുതകരമാണ്. ഇന്ത്യയ്ക്കായി പ്രധാന പരമ്പരകളും മത്സരങ്ങളും ബുംറ വിജയിച്ചിട്ടുണ്ട്,’ പൂജാര പറഞ്ഞു.

സാക്ക് ക്രോളി (4 റണ്‍സ്), ബെന്‍ ഡക്കറ്റ് (62), ജോ റൂട്ട് (28), ക്രിസ് വോക്‌സ് (38), ജോഷ് ടംഗ് (11) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് നടത്തിയ ഒല്ലി പോപ്പ് (106), ഹാരി ബ്രൂക്ക് (99), ജെയ്മി സ്മിത് (40) എന്നിവരെയാണ് പ്രസിദ്ധ് മടക്കിയയച്ചത്. അതേസമയം മുഹമ്മദ് സിറാജ് ബ്രൈഡന്‍ കാഴ്‌സിന്റെയും (22 റണ്‍സ്), ബെന്‍ സ്റ്റോക്‌സിന്റെയും (20) വിക്കറ്റുകളും നേടി.

Content Highlight: India VS England: Sunil Gavaskar And Cheteshwar Pujara Talking About Jasprit Bumrah