അദ്ദേഹം ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട കളിക്കാരില്‍ ഒരാളാണ്: ശുഭ്മന്‍ ഗില്‍
Cricket
അദ്ദേഹം ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട കളിക്കാരില്‍ ഒരാളാണ്: ശുഭ്മന്‍ ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th July 2025, 8:41 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 170 റണ്‍സിന് പുറത്തായി.

അഞ്ചാം ദിവസം അനായാസം വിജയിക്കാന്‍ സാധിക്കുന്ന മത്സരമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.

സ്‌കോര്‍

ഇംഗ്ലണ്ട്: 387 & 192

ഇന്ത്യ: 387 & 170 (T: 193)

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 181 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് ജഡേജ നേടിയത്. തന്റെ അനുഭവ പരിചയവും ബാറ്റിങ് കഴിവും പൂര്‍ണമായി ടീമിന് സമര്‍പ്പിച്ച രീതിയിലായിരുന്നു ജഡേജ ക്രീസില്‍ നിലയുറപ്പിച്ചത്.

ലോവര്‍ ഓര്‍ഡറില്‍ നിതീഷ് കുമാറിനോടൊപ്പവും (53 പന്തില്‍ 13 റണ്‍സ്), ജസ്പ്രീത് ബുംറ (54 പന്തില്‍ അഞ്ച് റണ്‍സ്), മുഹമ്മദ് സിറാജ് (30 പന്തില്‍ നാല് റണ്‍സ്) എന്നിവര്‍ക്കൊപ്പവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്ത് പുറത്താകാതെ നില്‍ക്കാന്‍ ജഡേജയ്ക്ക് സാധിച്ചു.

ജഡേജയുടെ അപരാജിത പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ജഡേജ ഇന്ത്യയുടെ ഏറ്റവും വിലപ്പെട്ട കളിക്കാരില്‍ ഒരാളാണെന്നും താരത്തിന്റെ അനുഭവപരിചയം, ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നീ കഴിവുകള്‍ വളരെ അപൂര്‍വമാണെന്നും ഗില്‍ പറഞ്ഞു. മാത്രമല്ല ലോവര്‍ ഓര്‍ഡല്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടില്ലെങ്കിലും അവര്‍ കാണിച്ച സ്വഭാവവും ധൈര്യവും വളരെ മികച്ചതാണെന്ന് ഗില്‍ കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട കളിക്കാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ അനുഭവപരിചയം, ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നീ കഴിവുകള്‍ വളരെ അപൂര്‍വമാണ്. അദ്ദേഹത്തിന്റെ പ്രകടനം അതിശയകരമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നമ്മള്‍ സംസാരിച്ച കാര്യങ്ങളില്‍ ഒന്ന് ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് ആയിരുന്നു, ഞങ്ങളുടെ ലോവര്‍ ഓര്‍ഡര്‍ വലിയ സംഭാവന ചെയ്തിട്ടില്ലെങ്കിലും അവര്‍ കാണിച്ച സ്വഭാവവും ധൈര്യവും വളരെ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.

Content Highlight: India VS England: Subhman Gill Praises Ravindra Jadeja