ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ സെഞ്ച്വറി; ഇതിനെല്ലാം പുറമെ ഇപ്പോള്‍ മറ്റൊരു റെക്കോഡും
Sports News
ടെസ്റ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ സെഞ്ച്വറി; ഇതിനെല്ലാം പുറമെ ഇപ്പോള്‍ മറ്റൊരു റെക്കോഡും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st June 2025, 3:37 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏറ്റുമുട്ടുകയാണ്. അഞ്ച് പരമ്പരകളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്.

ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗില്‍ തന്റെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടില്‍ നേടിയത്. ഇതോടെ ഒരു മിന്നും മൈല്‍സ്‌റ്റോണും സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ക്യാപ്റ്റന് സാധിച്ചത്.

33 മത്സരങ്ങളിലെ 60 ഇന്നിങ്‌സില്‍ നിന്ന് നിലവില്‍ 2020 റണ്‍സാണ് ഗില്‍ നേടിയത്. മത്സരത്തിലെ രണ്ടാം ദിനത്തില്‍ ക്രീസിലുള്ള പന്തും ഗില്ലും മിന്നും പ്രകടനം കാഴ്ചവെച്ച് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറില്‍ എത്തിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം. അതേസമയം 158 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സറുമടക്കം 101 റണ്‍സിനാണ് ജെയ്‌സ്വാള്‍ മടങ്ങിയത്. ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ പൂജ്യം റണ്‍സിന് പുറത്തായത് ആരാധകരെ ഏറെ നിരാശയിലാക്കി.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയ്ബ് ബഷീര്‍

Content Highlight: India VS England: Shubhman Gill Complete 2000 Runs In Test Cricket