ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സന്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 387 റണ്‍സിന് ഇംഗ്ലണ്ടിനെ ഇന്ത്യ ഓള്‍ ഔട്ട് ചെയ്തിരിക്കുകയാണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിലവില്‍ 31.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് നേടിയത്. ഇന്നിങ്‌സിലെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കിയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിനാണ് താരത്തിന്റെ വിക്കറ്റ്.
ശേഷം ഇന്ത്യ 74 റണ്‍സ് നേടി നില്‍ക്കവെയാണ് മൂന്നാമനായി ഇറങ്ങിയ കരുണ്‍ നായരെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 62 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ സൈഡ് എഡ്ജില്‍ കുരുങ്ങിയ കരുണ്‍ സ്ലിപ്പിലുണ്ടായിരുന്ന ജോ റൂട്ടിന്റെ സൂപ്പര്‍ ക്യാച്ചിലാണ് മടങ്ങിയത്. അവസാനമായി ഇന്ത്യയ്ക്ക് നഷ്ടമായത് ക്യാപ്റ്റന്‍ ഗില്ലിനെയാണ്.
43 പന്തില്‍ 16 റണ്‍സ് നേടിയ ഗില്ലിനെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്. പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഗില്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനാകാനാണ് ഗില്ലിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയാണ് താരം മറികടന്നത്.