തകര്‍പ്പന്‍ പ്രകടനവുമായി ജഡേജ; ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 332 റണ്‍സിന് പുറത്ത്
Cricket
തകര്‍പ്പന്‍ പ്രകടനവുമായി ജഡേജ; ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 332 റണ്‍സിന് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th September 2018, 8:21 pm

ഓവല്‍: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സില്‍ 332 റണ്‍സിന് പുറത്തായി. 181 റണ്‍സിനിടയില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെ വാലറ്റക്കാര്‍ കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. 133 പന്തില്‍ 89 റണ്‍സടിച്ച ജോസ് ബട്ലറുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിലെത്തിയത്.

എട്ടാം വിക്കറ്റില്‍ ആദില്‍ റാഷിദുമായി 33 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ലറാണ് ഇംഗ്ലണ്ടിനെ രണ്ടാം ദിനം മുന്നോട്ടു നയിച്ചത്. എന്നാല്‍ റാഷിദിനെ ബുംറ പറഞ്ഞയച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. തുടര്‍ന്ന് ക്രീസിലെത്തിയ ബ്രോഡ് ബട്ലറിന് മികച്ച പിന്തുണയാണ് നല്‍കിയത്. 98 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ബ്രോഡിനേയും ബട്ലറേയും പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചത്.


Read Also : ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് കാസര്‍കോട് അധ്യാപകന് സസ്‌പെന്‍ഷന്‍; പിന്നില്‍ സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സിലര്‍


 

30 ഓവര്‍ എറിഞ്ഞ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര ഇതിനകം ഇംഗ്ലണ്ട് 3-1ന് സ്വന്തമാക്കിയിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത് സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സെത്തിയ ശേഷമാണ്. 23 റണ്‍സെടുത്ത ഓപ്പണര്‍ ജെന്നിങ്സിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്കും മോയിന്‍ അലിയും ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇംഗ്ലീഷ് ജഴ്സിയില്‍ അവസാന മത്സരത്തിനിറങ്ങിയ കുക്ക് 190 പന്തില്‍ 71 റണ്‍സടിച്ച് പുറത്തായി. കുക്കിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.