'തിരിയാത്ത സുദര്‍ശന ചക്രവുമായി സായി'; ചരിത്രത്തില്‍ ഇന്ത്യക്കൊരു മോശം റെക്കോഡും സമ്മാനിച്ചു!
Cricket
'തിരിയാത്ത സുദര്‍ശന ചക്രവുമായി സായി'; ചരിത്രത്തില്‍ ഇന്ത്യക്കൊരു മോശം റെക്കോഡും സമ്മാനിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th July 2025, 9:29 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ട് 669 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. ഇതോടെ ഇന്ത്യക്ക് മുന്നില്‍ 311 റണ്‍സിന്റെ ആദ്യ ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 358 റണ്‍സായിരുന്നു നേടാന്‍ സാധിച്ചത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 36 ഓവര്‍ പൂര്‍ത്തിയായതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കെ.എല്‍ രാഹുലും (116 പന്തില്‍ 37), ശുഭ്മന്‍ ഗില്ലുമാണ് (99 പന്തില്‍ 55). രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇംഗ്ലണ്ട് തങ്ങളുടെ തീപാറുന്ന ബൗളിങ് ആരംഭിച്ചത്. ആദ്യ ഓവറിനെത്തിയ ക്രിസ് വോക്‌സിന്റെ നാലാം പന്തില്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ജോ റൂട്ടിന്റെ കയ്യിലെത്തിച്ച് പൂജ്യം റണ്‍സിന് മടക്കിയാണ് ത്രീ ലയണ്‍സ് തുടങ്ങിയത്.

മൂന്നാമനായി ഇറങ്ങിയ സായി സുദര്‍ശനെ തന്റെ അഞ്ചാം പന്തില്‍ ഗോള്‍ഡന്‍ ഡക്കാക്കിയാണ് വോക്‌സ് വമ്പന്‍ പ്രകടനം നടത്തിയത്. ഹാരി ബ്രൂക്കിന്റെ കയ്യിലെത്തിയാണ് സായി പുറത്തായത്. അരങ്ങേറ്റമത്സരത്തിലും താരം ഡക്കായിരുന്നു. ആദ്യ ടെസ്റ്റില്‍ 0, 30 എന്ന സ്‌കോറും തന്റെ രണ്ടാം ടെസ്റ്റില്‍ 61, 0 എന്ന സ്‌കോറുമാണ് സായി നേടിയത്. ഇപ്പോള്‍ തന്റെ രണ്ടാം ടെസ്റ്റിലും ഡക്കായതോടെ ഒരു മോശം റെക്കോഡും സായി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ടോപ് ഓര്‍ഡറില് ബാറ്റ് ചെയ്ത ആദ്യ രണ്ട് ടെസ്റ്റിലും ഡക്കായ ഏക ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് സായ് സുദര്‍ശന്റെ തലയില്‍ വീണത്.

ജോ റൂട്ടിന്റെയും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെയും ഐതിഹാസിക പ്രകടനത്തിന്റെ മികവിലായിരുന്നു ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 248 പന്തില്‍ നിന്ന് 14 ഫോറുകള്‍ ഉള്‍പ്പെടെ 150 റണ്‍സ് നേടിയാണ് റൂട്ട് കളം വിട്ടത്. സ്‌റ്റോക്‌സ് 198 പന്തില്‍ നിന്ന് 11 ഫോറും മൂന്ന് സിക്‌സും ഇള്‍പ്പെടെ 141 ഫണ്‍സും നേടി.

ഇരുവര്‍ക്കും പുറമെ സാക് ക്രോളി (84), ബെന്‍ ഡക്കറ്റ് (94), ഒല്ലി പോപ്പ് (71) എന്നിവരാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. മാത്രമല്ല അവസാന ഘട്ടത്തില്‍ ബ്രൈഡന്‍ കാഴ്‌സ് 47 റണ്‍സ് നേടി ഇംഗ്ലണ്ടിന് ബോണസ് റണ്‍സ് നല്‍കി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് രവീന്ദ്ര ജഡേജയാണ്. റൂട്ടിന്റെയും സ്റ്റോക്‌സിന്റെയും ഉള്‍പ്പെടെ നാല് വിക്കറ്റാണ് ജഡ്ഡു നേടിയത്. വാഷിങ്ടണ്‍ സന്ദര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India VS England: Sai Sudharshan In Unwanted Record Achievement