ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെ (ബുധന്‍) എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം അങ്കത്തിന് കളമൊരുങ്ങുന്നത്. ആദ്യ ടെസ്റ്റിലെ പരാജയത്തെ മറികടക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ത്രീ ലയണ്‍സ് മുന്നിലാണ്.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ഇലവനില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. ഇംഗ്ലണ്ടിനെതിരെ ഹോം പരമ്പരയില്‍ കുല്‍ദീപ് യാദവ് 17 വിക്കറ്റുകള്‍ വീഴ്ത്തിയെന്നും ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് താരത്തിന്റെ പന്ത് ശരിയായി മനസിലാക്കാന്‍ സാധിച്ചില്ലെന്നും സാബ പറഞ്ഞു. മാത്രമല്ല ആക്രമണ ശൈലിയുള്ള കുല്‍ദീപിനെപ്പോലെയുള്ള താരത്തെയാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അവന്റെ സ്റ്റാറ്റ്സുകള്‍ എല്ലാ കാര്യങ്ങളും സംസാരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഹോം പരമ്പരയില്‍ കുല്‍ദീപ് യാദവ് 17 വിക്കറ്റുകള്‍ വീഴ്ത്തി. അവന്‍ പന്തെറിയുമ്പോള്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ക്ക് ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല. പിന്നെ എന്തുകൊണ്ടാണ് അവനെ കളിപ്പിക്കാത്തത്? അവന്‍ ആക്രമണ ശൈലിയുള്ള ബൗളറാണ്. ഇപ്പോള്‍ ഇന്ത്യയ്ക്കും അത്തരം ബൗളര്‍മാരെയാണ് ആവശ്യം,’ സോണി സ്പോര്‍ട്സില്‍ സാബ കരീം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ഹോം ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപ് 17 വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായക പ്രകടനം നടത്തിയിരുന്നു. മാത്രമല്ല പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഫൈഫര്‍ നേടി മികവ് പുലര്‍ത്തിയിരുന്നു.
2017ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് 13 മത്സരങ്ങളിലെ 24 ഇന്നിങ്സില്‍ നിന്ന് 46 മെയ്ഡന്‍ 56 വിക്കറ്റുകളാണ് താരം നേടിയത്. 5/40 എന്ന മികച്ച ബൗളിങ് പ്രകടനവും മൂന്ന് ഫോര്‍ഫറും നാല് ഫൈഫറും ഫോര്‍മാറ്റില്‍ കുല്‍ദീപ് നേടിയിട്ടുണ്ട്. 22.2 എന്ന ആവറേജിലാണ് കുല്‍ദീപിന്റെ ബൗളിങ് പ്രകടനം.
Content Highlight: India VS England: Saba Karim suggests Kuldeep Yadav should be included in the second Test