ഐ.പി.എല്‍ മാമാങ്കം കെട്ടടങ്ങിയതോടെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കാണ്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
ഇതോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ പരിശീലനത്തിനിടയില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്തിന് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.
താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇതുവരെ ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. ബാറ്റിങ് പരിശീലനത്തിനിടെ ഒരു കളിക്കാരന്റെ ത്രോഡൗണിനെ തുടര്‍ന്നാണ് പന്തിന് പരിക്ക് സംഭവിച്ചതെന്നാണ് അറിയാന്‍ സാധിക്കുന്നത്. പരിക്ക് പറ്റിയ ശേഷം പന്തിന് അസ്വസ്ഥതയുണ്ടെന്നും തുടര്‍ന്ന് ഐസ് ട്രീറ്റ്‌മെന്റ് എടുത്ത ശേഷം താരം നെറ്റ്‌സില്‍ നിന്ന് മടങ്ങിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അടുത്തിടെ അവസാനിച്ച് ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു. പന്ത്. എന്നാല്‍ ഐ.പി.എല്ലില്‍ താരത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം നടത്താന്‍ സാധിച്ചികുന്നില്ല. വൈറ്റ് ബോളിലെ മോശം പ്രകടനത്തിന് ശേഷമാണ് താരം റെഡ് ബോളിലേക്ക് എത്തുന്നത്.