ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം ലോഡ്‌സില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പമാണ്. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി നേരിട്ട ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായിട്ടാണ് കളത്തിലിറങ്ങിയത്.
നിലവില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രീ ലയണ്‍സ് 52 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
നിലവില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് ജോ റൂട്ടും ഹാരി ബ്രൂക്കുമാണ്. അര്‍ധ സെഞ്ച്വറി നേടിയാണ് റൂട്ട് മിന്നും പ്രകടനം കാഴ്ചവെക്കുന്നത്. 118 പന്തില്‍ നിന്ന് ഏഴ് ഫോറുകള്‍ ഉള്‍പ്പെടെ 58 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. ബ്രൂക്ക് എട്ട് പന്തില്‍ 10 റണ്‍സും നേടി.
എന്നാല്‍ മത്സരത്തിലെ 34ാം ഓവറില്‍ കീപ്പിങ്ങിനിടെ പരിക്ക് പറ്റിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് പകരക്കാരനായി രണ്ടാം വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ കളത്തിലിറങ്ങിയിട്ടുണ്ട്. പരിക്കിന് ശേഷം തുടര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് പന്ത് കളം വിട്ടത്. ഇതോടെ താരത്തിന്റെ കാര്യത്തില്‍ ഏറെ ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.
Dhruv Jurel takes the gloves as Rishabh Pant goes off for treatment on his hand 🔃 pic.twitter.com/LGDgi34IN7
മികച്ച തുടക്കം പ്രതീക്ഷിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ഇന്ത്യ തുടങ്ങിയത്. ടീം സ്‌കോര്‍ 43ന് നില്‍ക്കുമ്പോള്‍ 13.3ാം ഓവറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 23 റണ്‍സിനാണ് താരം മടങ്ങിയത്.
അധികം വൈകാതെ ഓവറിലെ അവസാന പന്തില്‍ സാക് ക്രോളിയേയും എഡ്ജില്‍ കുരുക്കി റെഡ്ഡി ഇന്ത്യയ്ക്ക് വേണ്ടി മിന്നും തുടക്കമാണ് നല്‍കിയത്. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ കയ്യിലെത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ റെഡ്ഡി തിരിച്ചയച്ചത്. ഒല്ലി പോപ്പ് 104 പന്തില്‍ നിന്ന് നാല് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജയാണ് താരത്തെ പുറത്താക്കിയത്.