പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. ലീഡ്‌സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്. 84 പന്തുകള്‍ അവശേഷിക്കേയാണ് ത്രീ ലയണ്‍സ് തങ്ങളുടെ വിജയം ഉറപ്പിച്ചത്.
രണ്ട് ഇന്നിങ്സിലുമായി അഞ്ച് സെഞ്ച്വറികളുണ്ടായിരുന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതില്‍ രണ്ട് സെഞ്ച്വറികള്‍ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്താണ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ പന്ത് 134 (178) റണ്‍സാണ് സ്വന്തമാക്കിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.
ഇതിനെല്ലാം പുറമെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിക്കൊണ്ടാണ് പന്ത് കളത്തില്‍ നിറഞ്ഞാടിയത്.
നിലവില്‍ ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഏഴാമനാണ് പന്ത്. 801 റേറ്റിങ് പോയിന്റാണ് പന്തിന് നേടാന്‍ സാധിച്ചത്. മുന്‍ ഇന്ത്യന്‍ താരം സാക്ഷാല്‍ എം.എസ്. ധോണിക്ക് പോലും നേടാന്‍ സാധിക്കാത്ത റെക്കോഡാണ് റാങ്കിങ്ങില്‍ പന്ത് 2025ല്‍ ആദ്യമായി സ്വന്തമാക്കിയത്.
നിലവില്‍ ബാറ്റിങ് റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ളത് ജോ റൂട്ടാണ്. 889 പോയിന്റാണ് താരം നേടിയത്. രണ്ടാം സ്ഥാനത്ത് 874 പോയിന്റുമായി ഹാരി ബ്രൂക്കും മൂന്നാം സ്ഥാനത്ത് കിവീസിന്റെ കെയ്ന്‍ വില്യംസന്‍ 867 പോയിന്റുമായി നിലയുറപ്പിച്ചിച്ചുണ്ട്. അതേസമയം റേറ്റിങ്ങില്‍ നാലാമനായിട്ടാണ് ഇന്ത്യയുടെ യശസ്വി ജെയ്‌സ്വാള്‍ ഇടം നേടിയത്. 851 പോയിന്റാണ് താരത്തിനുള്ളത്.
Content Highlight: India VS England: Rishabh Pant In Great Record Achievement In Test Cricket Ranking