കളം വിട്ടപ്പോള്‍ ഇവന്‍ തൂക്കിയടിച്ചത് രോഹിത്തിനെ; ഗംഭീര റെക്കോഡുമായി റിഷബ് പന്ത്!
Cricket
കളം വിട്ടപ്പോള്‍ ഇവന്‍ തൂക്കിയടിച്ചത് രോഹിത്തിനെ; ഗംഭീര റെക്കോഡുമായി റിഷബ് പന്ത്!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th July 2025, 10:42 pm

ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്സന്‍ ട്രോഫിയില്‍ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ദി ഓവലാണ് മത്സരം നടക്കുക. ഈ മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യക്ക് വിജയിക്കേണ്ടത് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെടേണ്ടി വന്നാല്‍ പരമ്പര 3-1ന് ഇംഗ്ലണ്ട് വിജയിക്കും.

നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്ത് പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാലിനേറ്റതിനെ തുടര്‍ന്നാണ് പന്ത് മടങ്ങിയത്. ഇതോടെ ആറ് ആഴ്ചയോളം വിശ്രമം എടുക്കേണ്ടിയും വന്നു. പമ്പരയില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 479 റണ്‍സാണ് പന്ത് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് തൂക്കാനും പന്തിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോഡ് പൊട്ടിച്ചാണ് പന്ത് ഒന്നാമനായത്.

ടെസ്റ്റ് ചാമ്പ്യഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്

റിഷബ് പന്ത് – 2731

രോഹിത് ശര്‍മ – 2716

വിരാട് കോഹ്‌ലി – 2617

ശുഭ്മന്‍ ഗില്‍ – 2615

രവീന്ദ്ര ജഡേജ – 2339

നാലാം ടെസ്റ്റില്‍ ക്രിസ് വോക്‌സില്‍ നിന്ന് ഏറ്റ പരിക്കില്‍ ഒടിവുള്ള കാല്‍ വിരലുമായാണ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങിയ പന്ത് ഓള്‍ഡ് ട്രഫോഡില്‍ വീണ്ടും കളത്തിലിറങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് തന്റെ അഗ്രസീവ് ബാറ്റിങ് താരം കാഴ്ചവെച്ചത്. പന്തിന്റെ മനോവീര്യത്തെ ഏവരും അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. നാല് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയുമുള്‍പ്പെടെയാണ് പരമ്പരയില്‍ പന്ത് മിന്നും പ്രകടനം നടത്തിയത്.

അതേസമയം 1936 മുതല്‍ ഓവലില്‍ ഇന്ത്യ 15 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചെങ്കലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഓവലില്‍ ആറ് മത്സരങ്ങള്‍ പരാജയപ്പെട്ട ഇന്ത്യ ഏഴ് മത്സരങ്ങളില്‍ സമനില രേഖപ്പെടുത്തി. ഈ വേദിയില്‍ ഇന്ത്യ ആദ്യമായി വിജയിക്കുന്നത് 1971ലാണ്. രണ്ടാം വിജയം 2021ലുമാണ് ഇന്ത്യ സ്വന്തമാക്കിയത്. യുവ ക്യാപ്റ്റന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഓവലില്‍ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: India Vs England: Rishabh Pant In Great Record Achievement In Test Championship